Featured Good News

“അമ്മേ, ഞാൻ ജയിച്ചു!”: പത്താം ക്ലാസ് ജയത്തിന്റെ ആവേശത്തിൽ പൊട്ടിക്കരഞ്ഞ് ഒരു മകൾ; കണ്ണുനിറയ്ക്കും ഈ കാഴ്ച- വീഡിയോ

പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച ഒരു പെൺകുട്ടിയുടെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഡൽഹിയിൽ നിന്നുള്ള ഈ കൊച്ചു പെൺകുട്ടി തന്റെ വിജയവാർത്ത അമ്മയെ ഫോണിലൂടെ അറിയിക്കുന്ന നിമിഷം ആരെയും കണ്ണുനിറയിക്കുന്നതാണ്. “അമ്മേ, ഞാൻ പാസായി” എന്ന് വിറയ്ക്കുന്ന ശബ്ദത്തോടെ അവൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. വാർത്ത കേട്ടയുടനെ പൊട്ടിക്കരഞ്ഞ പെൺകുട്ടി തന്നെ പഠിക്കാൻ സഹായിച്ച ഡൽഹി പോലീസ് ഹെഡ് കോൺസ്റ്റബിൾ താൻ സിംഗിനെ കെട്ടിപ്പിടിച്ച് നന്ദി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

നിർധനരായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നതിനായി ‘താൻ സിംഗ് കി പാഠശാല’ എന്ന പേരിൽ ഒരു പഠനകേന്ദ്രം നടത്തിവരികയാണ് അദ്ദേഹം. “നിങ്ങളുടെ മകൾ പാസായിരിക്കുന്നു, സംസാരിക്കൂ” എന്ന് പറഞ്ഞ് താൻ സിംഗ് ആണ് ഫോൺ കുട്ടിയുടെ അമ്മയ്ക്ക് നൽകിയത്. ഈ വിജയം വെറുമൊരു പരീക്ഷാഫലം മാത്രമല്ല, വർഷങ്ങളോളം ആ പെൺകുട്ടി അനുഭവിച്ച കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്. സാക്ഷി എന്ന് പേരുള്ള ഈ പെൺകുട്ടി താൻ സിംഗിന്റെ പാഠശാലയിലെ ഏറ്റവും മുതിർന്ന വിദ്യാർത്ഥികളിൽ ഒരാളാണ്.

പലവിധ സാഹചര്യങ്ങൾ കൊണ്ട് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമായിരുന്നിട്ടും തളരാതെ മുന്നോട്ട് പോയ സാക്ഷിയുടെ നിശ്ചയദാർഢ്യത്തെ സോഷ്യൽ മീഡിയ ഒന്നടങ്കം പ്രശംസിക്കുകയാണ്. “സാക്ഷി അവളുടെ ഫലം മാത്രമല്ല, സ്വന്തം വിധിയാണ് മാറ്റിയെഴുതിയത്” എന്നാണ് വീഡിയോയ്ക്ക് താഴെ ഒരാൾ കുറിച്ചത്. സാക്ഷിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച താൻ സിംഗിന്റെ സേവനമനോഭാവത്തെയും നിരവധി ആളുകൾ അഭിനന്ദിച്ചു. നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഏതൊരു പ്രതിസന്ധിയെയും മറികടക്കാമെന്നതിന് ഉദാഹരണമാണ് സാക്ഷിയുടെ ഈ കണ്ണീരും വിജയവും.