Featured Healthy Food

തണ്ണിമത്തന്റെ തൊലി ഇനി കളയരുത്! ഹൃദയാരോഗ്യത്തിന് ഇതിലും മികച്ച മറ്റൊരു ഔഷധമില്ല

വേനൽക്കാലത്തെ ഉറ്റ സുഹൃത്തായ തണ്ണിമത്തൻ അതിന്റെ മധുരവും കുളിർമയും കൊണ്ട് ഏവർക്കും പ്രിയപ്പെട്ടതാണ്. വിറ്റാമിൻ എ, സി എന്നിവയ്ക്കും ലൈക്കോപീൻ എന്ന ആന്റിഓക്സിഡന്റിനും മികച്ച സ്രോതസ്സായ തണ്ണിമത്തന്റെ ചുവന്ന ഭാഗം കഴിച്ച് ബാക്കി വരുന്ന തൊലി നമ്മൾ സാധാരണയായി എറിഞ്ഞുകളയാറാണ് പതിവ്.

എന്നാൽ ഈ ഭാഗം കളയരുത് എന്നാണ് പ്രശസ്ത പോഷകാഹാര വിദഗ്ധ ലൗനീത് ബത്ര നിർദ്ദേശിക്കുന്നത്. നമ്മൾ അവഗണിക്കുന്ന ഈ വെള്ള നിറത്തിലുള്ള ഭാഗം യഥാർത്ഥത്തിൽ ആരോഗ്യഗുണങ്ങളുടെ കലവറയാണെന്ന് അവർ വ്യക്തമാക്കുന്നു.

തണ്ണിമത്തന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന ‘സിട്രുലിൻ’ എന്ന അമിനോ ആസിഡ് ശരീരത്തിലെത്തിയാൽ ‘അർജിനൈൻ’ ആയി മാറുകയും, ഇത് നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ്. രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രക്തയോട്ടം സുഗമമാക്കുന്നതിനും ഇത് സഹായിക്കുന്നു. നാരുകൾ , വിറ്റാമിൻ സി, വിറ്റാമിൻ ബി6, റൈബോഫ്ലേവിൻ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് ഈ ഭാഗം.

ഈ ഭാഗം എങ്ങനെയൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം എന്നും അവർ വിശദീകരിക്കുന്നു. ഇത് സ്മൂത്തികളിൽ ചേർത്തോ, ചട്നിയായോ, മസാലകൾ ചേർത്ത് വറുത്തോ, അച്ചാർ ഇട്ടോ ഉപയോഗിക്കാവുന്നതാണ്. രക്തചംക്രമണം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യത്തിനും ഉപാപചയ പ്രവർത്തനങ്ങൾക്കും സഹായിക്കുന്ന തണ്ണിമത്തന്റെ ഈ വെള്ള ഭാഗം ഇനി മുതൽ കളയാതെ ഭക്ഷണത്തിന്റെ ഭാഗമാക്കാൻ അവർ പ്രോത്സാഹിപ്പിക്കുന്നു.