ശൗചാലയത്തിൽ വെച്ച് സ്ത്രീ കാലുകൊണ്ട് മാവിൽ ഉപ്പ് ചേർത്ത് കുഴയ്ക്കുന്ന ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷയെയും ശുചിത്വത്തെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഈ ദൃശ്യങ്ങൾ ഉയർത്തുന്നത്. ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തുകയും, ചില വിദേശികൾ ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കുറിപ്പുകൾ പങ്കുവെക്കുകയും ചെയ്തു.
ഒരു ചെറിയ ഹോട്ടലിന്റെയോ മറ്റോ ശൗചാലയത്തിൽ, ഇഷ്ടികകൾക്ക് മുകളിൽ വെച്ച വലിയ പാത്രത്തിലാണ് ഈ മാവ് തയ്യാറാക്കുന്നത്. ഒരു സ്ത്രീ തന്റെ കാലുകൾ ഉപയോഗിച്ച് മാവ് കലക്കുന്നതും ഇടയ്ക്ക് അതിലേക്ക് ഉപ്പ് ഇടുന്നതും വീഡിയോയിൽ വ്യക്തമാണ്. പാത്രത്തിന് മുകളിൽ മൂന്ന് എലികൾ ഇരിക്കുന്നുണ്ടെങ്കിലും അവയെ ഓടിക്കാൻ സ്ത്രീ യാതൊരു ശ്രമവും നടത്തുന്നില്ല. കൂടാതെ സമീപത്ത് വെച്ചിരിക്കുന്ന ഒരു ഭക്ഷ്യവസ്തുവിന് മുകളിലും എലി ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഭക്ഷണം തയ്യാറാക്കുന്നതിലെ ശുചിത്വമില്ലായ്മയ്ക്കെതിരെ കടുത്ത വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. ഇത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണെന്നും കർശന നടപടി വേണമെന്നുമാണ് പലരുടെയും ആവശ്യം. എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമാകാം എന്നും ഇതിന്റെ പേരിൽ രാജ്യാന്തര തലത്തിൽ ഇന്ത്യയെയും ഭക്ഷ്യസംസ്കാരത്തെയും വിലയിരുത്തരുതെന്നും ചിലർ അഭിപ്രായപ്പെട്ടു. ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ ആണിതെന്നും ചിലർ സംശയം പ്രകടിപ്പിച്ചു. എങ്കിലും ഈ വീഡിയോ എവിടെയാണ്, എപ്പോഴാണ് ചിത്രീകരിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.




