അമേരിക്കയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. തങ്ങളുടെ വീടിന്റെ ഗാരേജ് വാതിൽ നന്നാക്കാൻ വന്ന മെക്കാനിക്ക് വെറും 20 മിനിറ്റ് കൊണ്ട് 100 ഡോളർ (ഏകദേശം 9,500 രൂപ) വാങ്ങിയെന്നാണ് അമൃത സിംഗ് എന്ന യുവതി ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കിയത്. മെക്കാനിക്കുമാർ, പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ തുടങ്ങിയ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് അമേരിക്കയിൽ ഉയർന്ന വരുമാനം നേടാൻ സാധിക്കുമെന്ന യാഥാർത്ഥ്യത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നതെന്ന് അവർ പറയുന്നു.
ഉയർന്ന ബിരുദങ്ങൾ ഉള്ള ഉദ്യോഗസ്ഥരെപ്പോലെ തന്നെ ഇത്തരം മേഖലകളിൽ ജോലി ചെയ്യുന്നവർക്കും അവിടെ മികച്ച വരുമാനം ലഭിക്കാറുണ്ട്. പലപ്പോഴും പണിസ്ഥലത്ത് എത്തുന്നതിന് മാത്രമായി ഇവർ ഒരു നിശ്ചിത തുക ഈടാക്കാറുണ്ട്, അതിന് പുറമെയാണ് ജോലിയുടെ സ്വഭാവം അനുസരിച്ചുള്ള കൂലി വാങ്ങുന്നത്. പ്ലംബർമാർക്കും ഇലക്ട്രീഷ്യൻമാർക്കും മറ്റും പ്രതിവർഷം 50,000 മുതൽ 100,000 ഡോളർ വരെ വരുമാനമുണ്ടെന്നും, ഒരു കോളേജ് ബിരുദം ഇല്ലെങ്കിൽ പോലും കയ്യിലൊരു തൊഴിലുണ്ടെങ്കിൽ മാന്യമായി ജീവിക്കാമെന്നും അമൃത വ്യക്തമാക്കുന്നു. അമേരിക്കയിൽ ഇത്തരം വിദഗ്ദ്ധ തൊഴിലാളികൾക്ക് ലഭിക്കുന്ന ബഹുമാനത്തെയും സാമ്പത്തിക ഭദ്രതയെയും കുറിച്ച് വിവരിച്ച അമൃത, അവിടെ ഒരു തൊഴിലിനെയും ചെറുതായി കാണാറില്ലെന്നും കൂട്ടിച്ചേർത്തു.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. അമേരിക്കയിലെയും ദക്ഷിണേഷ്യൻ രാജ്യങ്ങളിലെയും തൊഴിൽ സംസ്‌കാരവും തൊഴിലാളികളോട് കാണിക്കുന്ന ബഹുമാനവും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചാണ് പലരും ചർച്ച ചെയ്തത്. അമേരിക്കയിലെ തൊഴിലാളികൾ പണിക്ക് വരുമ്പോൾ ആവശ്യമായ എല്ലാ ഉപകരണങ്ങളും കരുതാറുണ്ടെന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു. എന്നാൽ നമ്മുടെ നാട്ടിൽ പലപ്പോഴും അടിസ്ഥാന ഉപകരണങ്ങൾ പോലും വീട്ടുകാരിൽ നിന്ന് വാങ്ങേണ്ടി വരുന്ന അവസ്ഥയുണ്ടെന്ന് അദ്ദേഹം തമാശയോടെ ഓർമ്മിപ്പിച്ചു. അതേസമയം, മറ്റു ചില രാജ്യങ്ങളിൽ മുഴുവൻ സമയം ജോലി ചെയ്തിട്ടും മാസത്തിൽ വെറും 100 ഡോളർ മാത്രം ശമ്പളം ലഭിക്കുന്ന സാങ്കേതിക വിദഗ്ദ്ധർ ഉണ്ടെന്ന് മറ്റൊരു വ്യക്തി ചൂണ്ടിക്കാണിച്ചു. വരുമാനം എത്ര കൂടിയാലും ജീവനച്ചെലവ് കൂടുതലാണെങ്കിൽ അതിൽ കാര്യമില്ലെന്ന അഭിപ്രായവും ചിലർ പങ്കുവെച്ചു.




