ഗായിക ഗൗരി ലക്ഷ്മിയുടെയും വിഷ്വൽ ആർട്ടിസ്റ്റായ കലേഷിന്റെയും വിവാഹമായിരുന്നു കഴിഞ്ഞ ഞായറാഴ്ച . വിവാഹത്തിന് പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഗൗരിയുടെ മുൻ ഭർത്താവ് ഗണേഷ് വെങ്കട്ടരമണി ഫെയ്സ്ബുക്കിൽ കുറിച്ച ആശംസയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്.
“എല്ലാ കുടുംബാംഗങ്ങളും ഒരേ രക്തത്തിൽ പെട്ടവരാകണം എന്ന് നിർബന്ധമില്ല” എന്ന മനോഹരമായ കുറിപ്പോടെയാണ് ഗണേഷ് നവദമ്പതികൾക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വിവാഹച്ചടങ്ങുകളിൽ ഗൗരിയുടെ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം സജീവമായി ഗണേഷും പങ്കെടുത്തു.
2018-ലായിരുന്നു ഗൗരിയുടെയും ഗണേഷിന്റെയും ആദ്യ വിവാഹം. ചെന്നൈ സ്വദേശിയായ ഗണേഷ് ഗൗരിയുടെ സംഗീത ബാൻഡിലെ ഡ്രമ്മർ കൂടിയായിരുന്നു. തന്റെ പാട്ടുകളുടെ ആരാധകനായിരുന്ന ഗണേഷുമായി പിന്നീട് സൗഹൃദത്തിലും പ്രണയത്തിലുമാവുകയായിരുന്നു എന്ന് ഗൗരി മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. തന്നോട് വഴക്കിടാൻ വേണ്ടിയാണ് ഗണേഷ് മലയാളം പഠിച്ചതെന്നും ഗൗരി അന്ന് തമാശയോടെ ഓർത്തു. 2019-ൽ ഇരുവരും ചേർന്ന് ചേർത്തലയിൽ ‘ഇസൈക്കൂട്’ എന്നൊരു വീടും നിർമ്മിച്ചു. പിന്നീട് ഇവർ വേർപിരിഞ്ഞെങ്കിലും ആ സൗഹൃദം അതേപടി കാത്തുസൂക്ഷിച്ചു. ഗൗരിയുടെ സംഗീത ആൽബങ്ങളിൽ ഇപ്പോഴും ഇരുവരും ഒന്നിച്ച് പ്രവർത്തിക്കുന്നുണ്ട്.
“ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കൂ” എന്ന് ആശംസിച്ചുകൊണ്ട് വിവാഹ ചിത്രങ്ങൾ പങ്കുവെച്ച ഗണേഷിന്റെ പോസ്റ്റിന് താഴെ സ്നേഹത്തോടെ നന്ദി അറിയിച്ചുകൊണ്ട് ഗൗരി ലക്ഷ്മിയും കലേഷും മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.




