ഒരു നല്ല നീന്തൽക്കാരനായിരിക്കുക എന്നത് അഭിനന്ദനാര്‍ഹമാണ്, അതുപോലെ കുത്തിയൊഴുകുന്ന ശക്തമായ നദിയിലൂടെ അനായാസം നീന്താൻ കഴിയുന്നതും മറ്റൊരു കഴിവാണ്. എന്നാല്‍ ഇതിനെല്ലാം മുകളിലാണ്, കാണുമ്പോൾ തന്നെ ഭയം തോന്നുന്ന അതിശക്തമായ ഒരു വെള്ളച്ചാട്ടത്തിലേക്ക് വളരെ സാധാരണയായി ചാടുകയും യാതൊരു പരിക്കുമില്ലാതെ തിരിച്ചുവരുകയും ചെയ്യുന്നത്.
മധ്യപ്രദേശിലെ ഭേഡാഘട്ടിലുള്ള നർമ്മദാനദിയിലെ ധുആന്ധർ വെള്ളച്ചാട്ടത്തിലേക്ക് ഒരു യുവാവ് ചാടുന്ന ഭയമുണർത്തുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 30 മീറ്റർ (98 അടി) ഉയരമുള്ള ഈ അത്ഭുത വെള്ളച്ചാട്ടം ‘ഇന്ത്യയുടെ നയാഗ്ര’ എന്നും അറിയപ്പെടുന്നുണ്ട്.
സുരക്ഷിതമായ പ്ലാറ്റ്ഫോമിൽ നിന്നുകൊണ്ട് വിനോദസഞ്ചാരികൾ കൗതുകത്തോടെ നോക്കിനിൽക്കെ, യുവാവ് വെള്ളച്ചാട്ടത്തിലേക്ക് ചാടാൻ തയ്യാറെടുക്കുന്നതാണ് വീഡിയോയിലുള്ളത്. നിമിഷനേരം കൊണ്ട് വൈറലായ വീഡിയോയിലെ യുവാവിന്റെ കഴിവിനെ പ്രശംസിച്ച ആളുകൾ, ഇത് ‘ഒളിമ്പിക്സ് നിലവാരമുള്ള’ പ്രകടനമാണെന്ന് വിലയിരുത്തി. അതേസമയം, പലരും ഈ സാഹസികനോട് സഹതാപം പ്രകടിപ്പിക്കുകയും ചെയ്തു. ജീവൻ പോലും അപകടത്തിലാക്കുന്ന ഇത്തരം പ്രകടനങ്ങൾ ഒരുപക്ഷേ അദ്ദേഹത്തിന്റെ ഒരേയൊരു വരുമാനമാർഗ്ഗമായിരിക്കാം എന്നാണ് പലരും കമന്റ് ചെയ്തത്.
‘ദി ഇന്ത്യ റിപ്പോർട്ട്’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അഞ്ച് ദിവസം മുൻപ് പങ്കുവെക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം ഒന്നര ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. വിനോദസഞ്ചാരികൾക്ക് ഇതൊരു അപകടകരമായ സ്റ്റണ്ടായി തോന്നാമെങ്കിലും, നർമ്മദാനദിയിലെ ശക്തമായ ഒഴുക്കിൽ വർഷങ്ങളായി ആർജ്ജിച്ചെടുത്ത കഴിവും ധൈര്യവും പരിചയസമ്പത്തുമാണ് ഇതിന് പിന്നിലെന്ന് വീഡിയോയുടെ വിവരണത്തിൽ പറയുന്നു.
ആശിഷ് താക്കൂർ എന്ന ഈ പ്രാദേശിക ഡൈവർ ആളുകളെ വിനോദിപ്പിക്കുന്നതിനപ്പുറം, വെള്ളച്ചാട്ടത്തിലെ മാരകമായ ഒഴുക്കിൽപ്പെട്ട് പോകുന്നവരെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വെച്ച് മുന്നോട്ടുവരുന്ന ആളുകൂടിയാണെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.
“സത്യത്തിൽ ഈ മനുഷ്യൻ പണം സമ്പാദിക്കാനുള്ള നിവൃത്തികേട് കൊണ്ടാണ് ഇത് ചെയ്യുന്നത്, ഇദ്ദേഹത്തിന്റെ കഴിവ് പരിഗണിച്ച് ഒരു ലൈഫ് ഗാർഡായി ജോലി നൽകിയാൽ മാന്യമായി ജീവിക്കാൻ സാധിക്കും,” എന്ന് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറിച്ചു.
“അദ്ദേഹം കഴിവുള്ളവനാണെന്നതിൽ സംശയമില്ല, എന്നാൽ ഇത്തരം പ്രവൃത്തികളെ നമ്മൾ പ്രോത്സാഹിപ്പിക്കുന്നത് നിർത്തണം, എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാം,” എന്ന് മറ്റൊരാൾ മുന്നറിയിപ്പ് നൽകി. “നൂറ് ശതമാനം കൃത്യതയുള്ള ഒളിമ്പിക്സ് നിലവാരത്തിലുള്ള ഡൈവിംഗ് ആണ് താൻ ചെയ്തതെന്ന് ഒരുപക്ഷേ അദ്ദേഹം അറിയുന്നുണ്ടാകില്ല” എന്നും, മറ്റ് വരുമാനമാർഗ്ഗങ്ങൾ ഇല്ലാത്തതുകൊണ്ട് മാത്രമാണ് ജീവൻ പണയം വെച്ചുള്ള ഈ അതിജീവനമെന്നും ആളുകൾ കമന്റ് ചെയ്തു.




