സർക്കസ് തമാശ കൊടുംഭീതിയായി മാറിയ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് റഷ്യയിൽ നിന്ന് പുറത്തുവരുന്നത്. റോസ്തോവ്-ഓൺ-ഡോണിലെ ‘ദൊവ്ഗാലുക്ക് സർക്കസിനിടെ’ സുരക്ഷാവല തകർത്ത് പുറത്തുചാടിയ കടുവ കാണികൾക്കിടയിലൂടെ സ്വതന്ത്രമായി കറങ്ങിനടന്നു.
മൂന്ന് കടുവകളെ ഉപയോഗിച്ചുള്ള പ്രകടനം നടന്നുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി സുരക്ഷാവല അയഞ്ഞുപോവുകയായിരുന്നു. ഇതിനിടെ ഒരു കടുവ കാണികൾക്കിടയിലേക്ക് കുതിച്ചുചാടി. നിലവിളിച്ചുകൊണ്ട് ചിതറിയോടിയ കാണികൾക്കിടയിലൂടെ ഈ ഹിംസ്രമൃഗം അല്പനേരം ഉലാത്തി. പേടിച്ചരണ്ട മാതാപിതാക്കൾ മക്കളെ ചേർത്തുപിടിച്ച് സുരക്ഷിതസ്ഥാനം തേടുന്നത് വീഡിയോയിൽ കാണാം.
കടുവ ഭയപ്പെടാതിരിക്കാൻ ശാന്തരായി ഇരിക്കണമെന്ന് സംഘാടകർ കാണികൾക്ക് നിർദ്ദേശം നൽകി. പിന്നീട് പരിശീലകൻ കടുവയെ കോളർ ധരിപ്പിച്ച് കൂട്ടിലേക്ക് തന്നെ സുരക്ഷിതമായി തിരികെ എത്തിച്ചു. ആളുകൾക്ക് ഭീഷണി ഉണ്ടായിരുന്നെങ്കിലും ഇവ മെരുക്കിയെടുത്ത കടുവകളായതിനാലാണ് വലിയ അപകടം ഒഴിവായതെന്ന് സർക്കസ് ഡയറക്ടർ നിക്കോളായ് ദൊവ്ഗാലുക്ക് പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഭയാനകമായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മൃഗങ്ങളെ ഉപയോഗിച്ചുള്ള സർക്കസുകൾ നിരോധിക്കണമെന്ന ആവശ്യവുമായി നിരവധിപേർ രംഗത്തെത്തി. ഇത് വിനോദമല്ലെന്നും മൃഗങ്ങളോടുള്ള ക്രൂരതയാണെന്നുമാണ് ഭൂരിഭാഗം പേരുടെയും പ്രതികരണം.




