ഹമാസ് മുന്‍ തലവനും ഒക്‌ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ യഹിയ സിന്‍വാറിന്റെ ഭാര്യ തുര്‍ക്കിയിലേക്ക് കടന്ന് വേറെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്. വലിയ തുകയുമായി തുര്‍ക്കിയിലേക്ക് കടന്ന് അവിടെ വേറെ വിവാഹം കഴിച്ചെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിന്‍വാറിന്റെ ഭാര്യ സമര്‍ അബു വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ച് മക്കളോടൊപ്പമാണ് തുര്‍ക്കിയിലേക്ക് കടന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹമാസ് നേതാവ് ഫാത്തി ഹമദാണ് സമറിന് ഗാസയില്‍നിന്ന് തുര്‍ക്കിയിലേക്ക് കടക്കാന്‍ സൗകര്യം ചൈയ്തുനല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റഫ അതിര്‍ത്തി വഴിയാണ് കടന്നത്. തുര്‍ക്കിയിലെത്തി അവിടെ താമസമാക്കിയ ഇവര്‍ വേറെ വിവാഹം കഴിച്ചതായും പറയപ്പെടുന്നു. അതേസമയം, പുതിയ ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
കഴിഞ്ഞവര്‍ഷം ഒകേ്ടാബര്‍ അവസാനം റഫായില്‍വെച്ച് ഇസ്രയേല്‍ സൈന്യം സിന്‍വാറിനെ കൊലപ്പെടുത്തിയിരുന്നു. പിന്നാലെ യഹിയയുടെ അവസാനസമയത്തേത് എന്ന് അവകാശപ്പെടുന്ന ഡ്രോണ്‍ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) പുറത്തുവിട്ടിരുന്നു. സിന്‍വാര്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം തുരങ്കത്തിലൂടെ നടക്കുന്ന ദൃശ്യങ്ങളും ഐ.ഡി.എഫ് പുറത്തുവിട്ടിരുന്നു.
വീഡിയോയില്‍ ഭാര്യ സമര്‍ കൈയില്‍ പിടിച്ചിരിക്കുന്ന ബാഗും ചര്‍ച്ചാവിഷയമായി. ആഡംബര ബ്രാന്‍ഡായ ഹമീസ് ബര്‍കെന്റേതാണ് ഈ ബാഗെന്നും ഏകദേശം 27 ലക്ഷം രൂപ ഇതിന് വില വരുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നാല്‍, ആഡംബര ബാഗിന്റെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.




