Featured Health

അമ്മയാകാൻ പറ്റിയ ‘ആ പെർഫെക്റ്റ് പ്രായം’ ഏതാണ്? ഡോക്ടറുടെ മറുപടി ഇതാ

കരിയർ, പ്രായം, കുടുംബം എന്നിവയ്ക്കിടയിൽ എപ്പോള്‍ ഒരു കുഞ്ഞ് വേണമെന്ന തീരുമാനമെടുക്കുന്നത് ദമ്പതികള്‍ക്ക് പലപ്പോഴും വലിയൊരു ആശങ്കയായി മാറാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾക്ക്, ശരിയായ സമയത്ത് തന്നെ പ്രസവിക്കണം എന്നുള്ള സമ്മർദ്ദം വളരെ വലുതാണ്. ഈ വിഷയത്തിൽ പ്രായവും വന്ധ്യതയും ഗർഭധാരണവും തമ്മിലുള്ള യഥാർത്ഥ ബന്ധം എന്താണെന്ന് കൊൽക്കത്ത നോവ ഐവിഎഫ് ഫെർട്ടിലിറ്റിയിലെ വന്ധ്യതാ രോഗവിദഗ്ദ്ധയായ ഡോ. അനിന്ദിത സിംഗ് വിശദീകരിക്കുന്നു.

കുഞ്ഞുണ്ടാൻ ഏറ്റവും അനുയോജ്യമായ ഒരു പ്രത്യേക പ്രായം ഉണ്ടോ എന്ന ചോദ്യത്തിന്, എല്ലാവർക്കും ഒരേപോലെ ബാധകമായ ഒരു പ്രായമില്ലെന്നാണ് ഡോ. അനിന്ദിത പറയുന്നത്. കാരണം ഈ തീരുമാനം ശാരീരികവും മാനസികവും വ്യക്തിപരവുമായ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എങ്കിലും, ജീവശാസ്ത്രപരമായി നോക്കുമ്പോൾ 20-കളിലാണ് സ്ത്രീകളിൽ ഏറ്റവും കൂടുതൽ ഫെർട്ടിലിറ്റി (ഗർഭധാരണ ശേഷി) ഉള്ളത്.

30 വയസ്സ് കഴിയുന്നതോടെ ഇത് കുറയാൻ തുടങ്ങുകയും, 35 വയസ്സിന് ശേഷം ഈ കുറവ് വളരെ വേഗത്തിലാവുകയും ചെയ്യും. പ്രായം കൂടുമ്പോൾ സ്ത്രീകളുടെ ശരീരത്തിലെ അണ്ഡങ്ങളുടെ എണ്ണത്തിലും ഗുണനിലവാരത്തിലും വ്യത്യാസങ്ങൾ വരുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് ഗർഭധാരണത്തിനുള്ള സാധ്യത കുറയ്ക്കുക മാത്രമല്ല, ഗർഭകാല പ്രമേഹത്തിനും കുഞ്ഞിന് ജനിതക വൈകല്യങ്ങൾ ഉണ്ടാകാനുമുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

എങ്കിലും 30-നും 40-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് കൃത്യമായ വൈദ്യസഹായത്തോടെയും ആരോഗ്യപരിപാലനത്തിലൂടെയും വിജയകരമായി പ്രസവിക്കാൻ സാധിക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. പ്രായം ഒരു ഘടകമാണെങ്കിലും, സ്ത്രീകളുടെ ശാരീരിക ക്ഷമത, വിട്ടുമാറാത്ത രോഗങ്ങളുടെ അഭാവം, മാനസികാരോഗ്യം, മികച്ച വൈദ്യസഹായം ലഭ്യമാകുക എന്നിവയാണ് ഗർഭധാരണത്തിന്റെ വിജയം നിശ്ചയിക്കുന്നത്. കൂടാതെ നല്ല ഭക്ഷണം, കൃത്യമായ ഉറക്കം, മാനസിക സമ്മർദ്ദമില്ലാത്ത അവസ്ഥ, പുകവലി, മദ്യപാനം തുടങ്ങിയ മോശം ശീലങ്ങളിൽ നിന്നുള്ള അകൽച്ച എന്നിവയും പ്രധാനമാണ്.

ഒരു കുഞ്ഞിനായി തയ്യാറെടുക്കുന്ന ദമ്പതികൾ ശാരീരികമായും മാനസികമായും അതിന് പ്രാപ്തരായിരിക്കണമെന്ന് ഡോ. അനിന്ദിത ഓർമ്മിപ്പിക്കുന്നു. വൈകാരികമായ പക്വത, പങ്കാളികൾ തമ്മിലുള്ള നല്ല ബന്ധം, ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള മനസ്സ് എന്നിവയെല്ലാം ഇതിൽ പ്രധാനമാണ്. സ്വന്തം ആരോഗ്യസ്ഥിതിയെക്കുറിച്ചും പ്രത്യുത്പാദന ചക്രത്തെക്കുറിച്ചും കൃത്യമായ ധാരണ ഉണ്ടായിരിക്കണം.

ആവശ്യമെങ്കിൽ എപ്പോൾ വൈദ്യസഹായം തേടണമെന്ന് അറിഞ്ഞിരിക്കുന്നത് ആത്മവിശ്വാസത്തോടെ തീരുമാനങ്ങളെടുക്കാൻ സഹായിക്കും. കൃത്യമായ ആരോഗ്യ പരിശോധനകൾ നടത്തുന്നതും, സംശയങ്ങൾ ഡോക്ടറോട് തുറന്നു സംസാരിക്കുന്നതും ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കാൻ ദമ്പതികളെ സഹായിക്കുമെന്നും ഡോക്ടർ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *