മുംബൈയിൽ 180-ഓളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയായ 19-കാരൻ മുഹമ്മദ് അയാസ് അറസ്റ്റിലായി. അമരാവതി സ്വദേശിയായ ഇയാൾ പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി മുംബൈയിലും പുണെയിലും എത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയിരുന്നത്. ഇയാളുടെ പക്കൽ നിന്നും 350-ലധികം അശ്ലീല വീഡിയോകൾ പോലീസ് കണ്ടെടുത്തു.
ഈ വീഡിയോകൾ ഉപയോഗിച്ച് പെൺകുട്ടികളെ ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായും ചില ദൃശ്യങ്ങൾ ഓൺലൈനിലൂടെ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴിയാണ് ഇയാൾ പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. രാഷ്ട്രീയ ബന്ധങ്ങളുള്ള ഇയാൾക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും രാജ്യസഭ എംപി അനിൽ ബോണ്ടെ പോലീസിനെ അറിയിച്ചു.
അതിനിടെ, പ്രതിയായ മുഹമ്മദ് അയാസിന്റെ വീട് അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. നിയമവിരുദ്ധമായി നിർമ്മിച്ച വീട് ഒഴുപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ഇതിനായി മുൻകൂട്ടി നോട്ടീസ് നൽകിയിരുന്നുവെന്നും മുൻസിപ്പൽ അധികൃതർ വ്യക്തമാക്കി. ഇതോടെ ക്രിമിനൽ നടപടികൾക്കൊപ്പം തന്നെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള കർശന നടപടികളും ഈ കേസിൽ ഉണ്ടായിരിക്കുകയാണ്.




