ലത മങ്കേഷ്കറും ആശാ ഭോസ്ലെയും വെറും ഗായകർ മാത്രമായിരുന്നില്ല; കാലാതീതമായ തങ്ങളുടെ ഗാനങ്ങളിലൂടെ തലമുറകളെ പാട്ടുപാടിച്ച ഈ ഇതിഹാസങ്ങൾ അവർ മൺമറഞ്ഞാലും സംഗീതപ്രേമികളുടെ മനസ്സിൽ ജീവിക്കും. വാർദ്ധക്യസഹജമായ അസ്വാസ്ഥ്യങ്ങളെത്തുടർന്ന് 92-ാം വയസ്സിൽ ആശാ ഭോസ്ലെ അന്തരിച്ചെങ്കിലും വലിയൊരു സംഗീത പൈതൃകം അവർ ബാക്കിവെക്കുന്നു.
പിതാവിന്റെ മരണശേഷം ഒമ്പതാം വയസ്സിൽ ചേച്ചി ലത മങ്കേഷ്കറോടൊപ്പമാണ് അവർ ജോലി ആരംഭിച്ചത്. പത്താം വയസ്സിൽ ‘മാത്സ ബാൽ’ എന്ന മറാത്തി ചിത്രത്തിലൂടെ പിന്നണി ഗായികയായി അരങ്ങേറി. ലത മങ്കേഷ്കർ അപ്പോഴേക്കും ഇന്ത്യയുടെ വാനമ്പാടി എന്ന നിലയിൽ പ്രശസ്തയായിക്കഴിഞ്ഞിരുന്നുവെങ്കിലും, ആശാ ഭോസ്ലെ തന്റെ സ്ഥാനം കണ്ടെത്താനായി കഠിനമായി പരിശ്രമിക്കുകയായിരുന്നു.
രണ്ട് സഹോദരിമാരും പ്രശസ്തിയിലേക്ക് ഉയർന്നതോടെ അവർക്കിടയിൽ കടുത്ത മത്സരമുണ്ടെന്ന തരത്തിൽ വർഷങ്ങളോളം സംസാരമുണ്ടായിരുന്നുവെങ്കിലും ഇരുവരും അതിനെക്കുറിച്ച് തുറന്നു സംസാരിച്ചിരുന്നില്ല. പലരും കഥകൾ മെനയാനും തങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കാനും ശ്രമിച്ചിട്ടുണ്ടെന്നും, എന്നാൽ രക്തബന്ധത്തിന് മറ്റ് എന്തിനേക്കാളും വിലയുണ്ടെന്നും ആശാ ഭോസ്ലെ ഒരിക്കൽ പറഞ്ഞിരുന്നു. ചില സിനിമാക്കാർ ലതയോടുള്ള കൂറ് കാണിക്കാൻ തന്നെ അവഗണിക്കാറുണ്ടായിരുന്നുവെന്നും പിന്നീട് ഇരുവരും ചേർന്ന് ഇത് പറഞ്ഞ് ചിരിക്കാറുണ്ടായിരുന്നുവെന്നും അവർ ഓർത്തെടുത്തു.
ലത മങ്കേഷ്കറും ആശാ ഭോസ്ലെയും തമ്മിലുണ്ടെന്ന് പറയപ്പെടുന്ന മത്സരത്തെ ആസ്പദമാക്കി 1998-ൽ സായ് പരാഞ്ജ്പേ സംവിധാനം ചെയ്ത ചിത്രമാണ് ‘സാസ്’. ശബാന ആസ്മിയും അരുണ ഇറാനിയും പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം സഹോദരിമാർ നേരിട്ട വ്യക്തിപരവും തൊഴിൽപരവുമായ വെല്ലുവിളികളെയാണ് ദൃശ്യവൽക്കരിച്ചത്.
ചേച്ചിയുടെ നിഴലിൽ നിന്ന് മാറി സ്വന്തമായൊരു വ്യക്തിത്വം രൂപപ്പെടുത്താൻ ശ്രമിക്കുന്ന അനുജത്തിയുടെ കഥയാണ് ഇതിൽ പറയുന്നത്. എന്നാൽ കുറച്ച് സംഭവങ്ങളെ പെരുപ്പിച്ചു കാട്ടി മൂന്ന് മണിക്കൂർ സിനിമയാക്കുന്നത് വെറും സമയനഷ്ടമാണെന്നായിരുന്നു ആശാ ഭോസ്ലെ ഇതിനോട് പ്രതികരിച്ചത്. ‘സാസ്’ ഒരു ജീവചരിത്ര സിനിമയായി പലരും കാണുന്നുണ്ടെങ്കിലും, സംഗീത പ്രതിഭകളായ രണ്ട് സഹോദരിമാരുടെ ജീവിതം പശ്ചാത്തലമാക്കി നിർമ്മിച്ച ഒരു ഫിക്ഷൻ മാത്രമാണെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
ആശാ ഭോസ്ലെയുടെ ഭർത്താവും പ്രശസ്ത സംഗീത സംവിധായകനുമായ ആർ.ഡി. ബർമന്റെ വേഷം ചിത്രത്തിൽ ചെയ്തത് സക്കീർ ഹുസൈൻ ആയിരുന്നു. സഹോദരിമാർ തമ്മിലുള്ള ശീതയുദ്ധത്തോട് സാമ്യമുള്ള കഥാതന്തുവായതിനാൽ ചിത്രം ഏറെ വിവാദങ്ങൾക്കും വഴിവെച്ചു. ലതയും ആശയും ചേർന്ന് ‘മേ ചലി മേ ചലി’, ‘ഛാപ് തിലക് സബ്’ തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങൾ ഒന്നിച്ച് പാടിയിട്ടുണ്ട്.
ചേച്ചിക്കൊപ്പം പാടുമ്പോൾ താൻ ഏറെ ബോധവതിയായിരുന്നുവെന്നും, ലത പാട്ടിൽ കൊണ്ടുവരുന്ന പുതിയ പരീക്ഷണങ്ങൾക്കൊപ്പമെത്താൻ തനിക്ക് സമ്മർദ്ദമുണ്ടായിരുന്നുവെന്നും ആശാ ഭോസ്ലെ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. തങ്ങൾക്കിടയിൽ മത്സരമുണ്ടായിരുന്നുവെന്നും എന്നാൽ അത് പാട്ടുകളുടെ നിലവാരം ഉയർത്താൻ സഹായിച്ച ആരോഗ്യകരമായ മത്സരമായിരുന്നുവെന്നുമാണ് അവർ വിശ്വസിച്ചിരുന്നത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ത്യയുടെ ഈ പ്രിയ ഗായിക ലോകത്തോട് വിടപറഞ്ഞത്.




