Featured Oddly News

വരന്‍ സവർണ്ണനാകണം, അല്ലെങ്കിൽ 80 ലക്ഷം ശമ്പളം വേണം; വിവാഹാലോചനയിലെ പുതിയ ട്രെൻഡ്, ചർച്ച

ഇന്ത്യയിലെ ആധുനിക വിവാഹ വിപണിയിൽ ജാതി വിവേചനം എത്രത്തോളം ആഴത്തിൽ പതിഞ്ഞു കിടക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. ‘ദി ഡേറ്റ് ക്രൂ’ എന്ന മാച്ച് മേക്കിംഗ് സ്ഥാപനത്തിന്റെ സ്ഥാപകയായ ഓന്ദ്രില കപൂർ പങ്കുവെച്ച ഒരു അനുഭവമാണ് ഈ സംവാദത്തിന് തുടക്കമിട്ടത്. ഉയർന്ന വിദ്യാഭ്യാസവും സാമ്പത്തിക നിലവാരവുമുള്ള കുടുംബങ്ങളിൽ പോലും പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ജാതി ചിന്തകൾ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്ന് ഈ പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.

മുപ്പത്തിരണ്ട് വയസ്സുള്ള, സ്വന്തമായി ഫാഷൻ ബ്രാൻഡ് നടത്തുന്ന ഒരു യുവതിയുമായുള്ള സംഭാഷണമാണ് ഓന്ദ്രില പങ്കുവെച്ചത്. പുരോഗമന ചിന്താഗതിക്കാരായ കുടുംബത്തിൽ നിന്നുള്ള ആളാണെങ്കിലും, വിവാഹാലോചനയ്ക്കായി അവൾ മുന്നോട്ടുവെച്ച നിബന്ധന വിചിത്രമായിരുന്നു. തനിക്ക് ഉയർന്ന ജാതിയിലുള്ള (Upper Caste) ആലോചനകൾ മാത്രമേ മതി എന്നും, മറ്റ് ജാതിയിലുള്ളവരാണെങ്കിൽ ആ വ്യക്തിക്ക് വർഷം 80 ലക്ഷം രൂപയിലധികം ശമ്പളം ഉണ്ടായിരിക്കണം എന്നുമായിരുന്നു അവളുടെ ആവശ്യം.

ഇത്തരം ആവശ്യങ്ങൾ മാച്ച് മേക്കിംഗ് രംഗത്ത് പതിവാണെന്ന് ഓന്ദ്രില പറയുന്നു. മറ്റ് എല്ലാ കാര്യങ്ങളിലും യോജിച്ച ഒരാളെ ജാതിയുടെ പേരിൽ മാത്രം ഒഴിവാക്കുമോ എന്ന് ചോദിച്ചപ്പോൾ, “80 ലക്ഷത്തിന് മുകളിൽ ശമ്പളമുണ്ടെങ്കിൽ മാത്രം ഞാൻ തയ്യാറാണ്” എന്നായിരുന്നു യുവതിയുടെ മറുപടി. ഇതിന് കാരണമായി അവൾ പറഞ്ഞത് തന്റെ മാതാപിതാക്കൾക്ക് മറ്റ് ജാതിയിലുള്ളവരെ അംഗീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും എന്നാണ്. 2026-ലും മെട്രോ നഗരങ്ങളിലെ അഭ്യസ്തവിദ്യരായ കുടുംബങ്ങൾക്കിടയിൽ ജാതി വിവേചനം നിലനിൽക്കുന്നത് ഇങ്ങനെയൊക്കെയാണെന്ന് ഓന്ദ്രില നിരീക്ഷിക്കുന്നു.

പണം നൽകിയാൽ ജാതിയുടെ അതിർവരമ്പുകൾ പോലും മറികടക്കാൻ തയ്യാറാകുന്നത്, വിവാഹത്തെ ഒരു കച്ചവടമായി കാണുന്നതിന്റെ സൂചനയാണെന്നും ഓന്ദ്രില കൂട്ടിച്ചേർത്തു. ഈ രീതി മാറ്റണമെങ്കിൽ ജാതിയുടെ പേരിൽ ആലോചനകൾ ഒഴിവാക്കില്ലെന്ന് മാതാപിതാക്കളോട് ഉറപ്പിച്ചു പറയാൻ യുവാക്കൾ തയ്യാറാകണം. ഈ പോസ്റ്റ് വൈറലായതോടെ വലിയ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. യഥാർത്ഥ സ്നേഹത്തിന് പകരം ജാതിയും ശമ്പളവുമാണ് ഇന്ന് പ്രധാനമെന്നും, ഇന്ത്യൻ വിവാഹങ്ങൾ പലപ്പോഴും വെറുമൊരു ഇടപാടായി മാറുന്നുവെന്നും പലരും അഭിപ്രായപ്പെടുന്നു. ഇന്നും പലരുടെയും ജീവിതത്തിലെ സങ്കടകരമായ യാഥാർത്ഥ്യം ഇതാണെന്ന് ഭൂരിഭാഗം പേരും സമ്മതിക്കുന്നു.