Featured Oddly News

വിദ്യാര്‍ഥിനിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ അധ്യാപകന്‍; ചെരുപ്പൂരി മുഖത്തടിച്ച് പെണ്‍കുട്ടി; വീഡിയോ

ബെംഗളൂരുവിലെ ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളജിൽ ക്ലാസ് മുറിക്കുള്ളിൽ വച്ച് വിദ്യാർത്ഥിനിയോട് പ്രണയാഭ്യർത്ഥന നടത്തിയ അധ്യാപകനെ വിദ്യാർത്ഥികൾ മർദ്ദിച്ചു. കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുടെ ഉടമസ്ഥതയിലുള്ള കോളജിലാണ് ഈ നാടകീയ സംഭവങ്ങൾ നടന്നത്. അധ്യാപകന്റെ പ്രണയാഭ്യർത്ഥനയിൽ പ്രകോപിതരായ സഹപാഠികൾ ഇയാളെ കൂട്ടമായി മർദ്ദിക്കുകയും, പരാതിക്കാരിയായ പെൺകുട്ടി അധ്യാപകനെ ചെരുപ്പൂരി മുഖത്തടിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് അബ്ദുൽ എന്ന അധ്യാപകൻ തന്റെ ഉള്ളിലെ പ്രണയത്തെക്കുറിച്ച് വിദ്യാർത്ഥികളോട് തുറന്നുപറഞ്ഞത്. “നിങ്ങൾ നൽകിയ സ്നേഹത്തിന് നന്ദി, എനിക്ക് നിങ്ങളിൽ ഒരാളെ വലിയ ഇഷ്ടമാണ്” എന്ന് പറഞ്ഞ് പോഡിയത്തിൽ നിന്നിറങ്ങി വന്ന ഇയാൾ ഒരു വിദ്യാർത്ഥിനിയോട് ‘ഐ ലവ് യൂ’ എന്ന് പറയുകയായിരുന്നു. ഈ ദൃശ്യങ്ങൾ മറ്റൊരു വിദ്യാർത്ഥി ഫോണിൽ പകർത്തിയിട്ടുണ്ട്. എന്നാൽ അധ്യാപകനോട് ഈ കാര്യം പ്രിൻസിപ്പലിനോട് പോയി പറയാനായിരുന്നു വിദ്യാർത്ഥിനിയുടെ മറുപടി.

പെൺകുട്ടിക്ക് തന്നോട് പ്രണയമുണ്ടെന്നും അതിന് തെളിവുണ്ടെന്നും അധ്യാപകൻ വാദിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമായി. തുടർന്ന് അധ്യാപകൻ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയെങ്കിലും പുറത്തുവച്ച് വിദ്യാർത്ഥികൾ ഇയാളെ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ അധ്യാപകൻ അവിടെ നിന്നും രക്ഷപ്പെട്ടു. സംഭവത്തെത്തുടർന്ന് അബ്ദുലിനെ കോളജ് അധികൃതർ സസ്പെൻഡ് ചെയ്യുകയും ഇയാൾക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.