Crime

മദ്രസയുടെ ശുചിമുറിയില്‍ 9നും 14 നും ഇടയില്‍ പ്രായമുള്ള 40 പെണ്‍കുട്ടികള്‍ പൂട്ടിയിട്ട നിലയില്‍

ഉത്തര്‍പ്രദേശില്‍ ഒമ്പതിനും 14 നും ഇടയില്‍ പ്രായമുള്ള 40 പെണ്‍കുട്ടികളെ അനധികൃത മദ്രസയുടെ ശുചിമുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. ബഹ്‌റൈച്ചിലെ പഹല്‍വാര ഗ്രാമത്തിലെ മൂന്ന്‌ നില കെട്ടിടത്തിനുള്ളില്‍ അനധികൃത മദ്രസ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച്‌ ജില്ലാ ഭരണകൂടത്തിന്‌ ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തിലാണ്‌ പരിശോധന നടത്തിയത്‌.

പരിശോധനയ്‌ക്കെത്തിയപ്പോള്‍ മദ്രസ നടത്തിപ്പുകാര്‍ തടഞ്ഞെന്നും പോലീസ്‌ ഉള്‍പ്പെടെ അടത്ത്‌ പ്രവേശിച്ചപ്പോള്‍ ടെറസിലെ ശുചിമുറി പൂട്ടിയിരിക്കുന്നതായി കണ്ടെത്തിയെന്നും പയാഗ്‌പുര്‍ സബ്‌ ഡിവിഷണല്‍ മജിസ്‌ട്രേറ്റ്‌ (എസ്‌.ഡി.എം.) അശ്വിനി കുമാര്‍ പാണ്ഡെ പറഞ്ഞു.വനിതാ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ വാതില്‍ തുറന്നപ്പോള്‍ ശുചിമുറിക്കുള്ളില്‍ ഒളിപ്പിച്ച പെണ്‍കുട്ടികളെ കണ്ടെത്തി. ഭയന്നുപോയ കുട്ടികള്‍ക്ക്‌ ഒന്നും വ്യക്‌തമായി പറയാന്‍ കഴിയുമായിരുന്നില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

സ്‌ഥാപനത്തിന്റെ രജിസ്‌ട്രേഷനും നിയമസാധുതയും പരിശോധിക്കാന്‍ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസര്‍ മുഹമ്മദ്‌ ഖാലിദിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ എസ്‌.ഡി.എം. പറഞ്ഞു.മൂന്ന്‌ വര്‍ഷമായി രജിസ്‌ട്രേഷന്‍ ഇല്ലാതെ മദ്രസ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ നാട്ടുകാര്‍ പറഞ്ഞിരുന്നു.മാനേജ്‌മെന്റിനും ജീവനക്കാര്‍ക്കും രജിസ്‌ട്രേഷനോ നിയമസാധുതയോ സംബന്ധിച്ച ഒരു രേഖയും ഹാജരാക്കാന്‍ കഴിഞ്ഞില്ല. 2023 ലെ സര്‍വേയില്‍ ബഹ്‌റൈച്ചില്‍ രജിസ്‌റ്റര്‍ ചെയ്യാത്ത 495 മദ്രസകളെ കണ്ടെത്തിയിരുന്നു.

ഇത്തരം നിയമവിരുദ്ധ മദ്രസകളെക്കുറിച്ച്‌ സംസ്‌ഥാന സര്‍ക്കാര്‍ ഇതുവരെ വ്യക്‌തമായ നയം പുറപ്പെടുവിച്ചിട്ടില്ല. ചിലത്‌ കഴിഞ്ഞ വര്‍ഷം സീല്‍ ചെയ്‌തെങ്കിലും അവയുടെ മാനേജര്‍മാര്‍ ഹൈക്കോടതിയില്‍നിന്ന്‌ സ്‌റ്റേ നേടിയിരുന്നു.മദ്രസ രേഖകള്‍ പരിശോധിച്ചുവരികയാണെന്നും അടച്ചുപൂട്ടാന്‍ ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഹമ്മദ്‌ ഖാലിദ്‌ പറഞ്ഞു. പെണ്‍കുട്ടികളെ സുരക്ഷിതമായി അവരുടെ വീടുകളിലേക്ക്‌ അയയ്‌ക്കാന്‍ മാനേജ്‌മെന്റിനോട്‌ പറഞ്ഞിട്ടുണ്ട്‌.
ഇതുവരെ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ലെന്നും ആരും പരാതിപ്പെട്ടിട്ടില്ലെന്നും അഡീഷണല്‍ പോലീസ്‌ സൂപ്രണ്ട്‌ (സിറ്റി) രാമാനന്ദ്‌ പ്രസാദ്‌ കുശ്വാഹ പറഞ്ഞു.