Lifestyle

അയോധ്യയില്‍ പള്ളി നിര്‍മിച്ചത്‌ ക്ഷേത്രത്തിനുമേല്‍: വിവാദപ്രസ്‌താവനയുമായി മുന്‍ ചീഫ്‌ ജസ്‌റ്റിസ്‌ ചന്ദ്രചൂഡ്‌

അയോധ്യയില്‍ പള്ളി നിര്‍മിച്ചതാണ്‌ അവിടെയുണ്ടായ അവഹേളനമെന്നു മുന്‍ ചീഫ്‌ ജസ്‌റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌. ‘ന്യൂസ്‌ ലോണ്‍ഡ്രി’ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ചന്ദ്രചൂഡിന്റെ വിവാദപ്രസ്‌താവന. 1949 ഡിസംബറില്‍ പള്ളിയില്‍ വിഗ്രഹങ്ങള്‍ സ്‌ഥാപിച്ചതുപോലുള്ള അവഹേളനപരമായ പ്രവൃത്തികളുടെ ഉത്തരവാദിത്തം ഹിന്ദു കക്ഷികള്‍ക്കായിരുന്നോ എന്ന ചോദ്യത്തിനാണ്‌, പള്ളിയുടെ നിര്‍മാണം തന്നെ അവഹേളനപരമായ പ്രവൃത്തിയായിരുന്നെന്നു ചന്ദ്രചൂഡ്‌ മറുപടി പറഞ്ഞത്‌. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ചാണ്‌ അയോധ്യ വിധി പ്രസ്‌താവിച്ചത്‌.

സുപ്രീം കോടതിയുടെ 2019 ലെ അയോധ്യ വിധിയില്‍, ഹിന്ദു ക്ഷേത്രം തകര്‍ത്ത ശേഷമാണ്‌ ബാബറി മസ്‌ജിദ്‌ നിര്‍മിച്ചതെന്ന നിഗമനത്തിലെത്താന്‍ തെളിവുകള്‍ ഇല്ലെന്നു രേഖപ്പെടുത്തിയത്‌ അഭിമുഖം നടത്തിയ ശ്രീനിവാസന്‍ ജെയിന്‍ പറഞ്ഞപ്പോള്‍, പള്ളിക്കു താഴെ ഒരു ക്ഷേത്രമുണ്ടായിരുന്നു എന്നു കോടതി വിധിയില്‍ പറയുന്നുവെന്നും അതു പള്ളി പണിയാനായി നശിപ്പിക്കപ്പെട്ടതിനു കോടതിക്ക്‌ പുരാവസ്‌തുപരമായ തെളിവുകള്‍ ലഭിച്ചിരുന്നെന്നും ചന്ദ്രചൂഡ്‌ പറഞ്ഞു.

”പള്ളിയുടെ അകത്തെ മുറ്റത്ത്‌ അവഹേളനപരമായ പ്രവൃത്തികള്‍ നടത്തിയതു ഹിന്ദുക്കളാണെന്നു പറയുമ്പോള്‍, അവിടെ നടന്ന അടിസ്‌ഥാനപരമായ അവഹേളനത്തെപ്പറ്റി പള്ളി നിര്‍മിച്ചതിനെപ്പറ്റി എന്താണു പറയാനുള്ളത്‌? എന്താണു സംഭവിച്ചതെന്നു നിങ്ങള്‍ മറക്കുകയാണോ? ചരിത്രത്തില്‍ നടന്നതൊക്കെ നമ്മള്‍ മറക്കുകയാണോ?”-ചന്ദ്രചൂഡ്‌ ചോദിച്ചു.
”പുരാവസ്‌തു ഖനനത്തില്‍നിന്ന്‌ മതിയായ തെളിവുകള്‍ ലഭിച്ചിരുന്നു. പുരാവസ്‌തു ഖനനത്തില്‍നിന്നു ലഭിക്കുന്ന തെളിവുകളുടെ മൂല്യം എന്നത്‌ തികച്ചും ഒരു പ്രത്യേക വിഷയമാണ്‌. എനിക്ക്‌ പറയാനുള്ളത്‌ ഇത്രമാത്രം, പുരാവസ്‌തുഖനന റിപ്പോര്‍ട്ടിന്റെ രൂപത്തില്‍ തെളിവുകള്‍ ഉണ്ട്‌”- വിധിയെ വിമര്‍ശിക്കുന്നവര്‍ അത്‌ വായിച്ചിട്ടില്ലെന്നും ജസ്‌റ്റിസ്‌ ചന്ദ്രചൂഡ്‌ കൂട്ടിച്ചേര്‍ത്തു.