തോട്ടപ്പള്ളിയില്‍ തനിച്ചു താമസിച്ചിരുന്ന വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കൊലപാതകവുമായി ബന്ധപ്പെട്ടു ദമ്പതികള്‍ പിടിയില്‍. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ വയോധികനു കൊലപാതകത്തില്‍ പങ്കില്ലെന്നും കണ്ടെത്തി.
കരുനാഗപ്പള്ളിയില്‍ വാടകയ്‌ക്ക് താമസിക്കുന്ന തൃക്കുന്നപ്പുഴ മുട്ടേകാട്ടില്‍ സൈനുലാബ്‌ദീനും(കൊച്ചുമോന്‍ – 44) ഭാര്യ അനീഷയും ചേര്‍ന്നാണ് കൊലചെയ്‌തതെന്നു പോലീസ് അറിയിച്ചു. അമ്പലപ്പുഴ ഡിവൈ.എസ്.പി: കെ.എന്‍. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പുലര്‍ച്ചെ മൈനാഗപ്പള്ളിയിലെ വീട്ടില്‍നിന്നാണ് ഇവരെ കസ്‌റ്റഡിയിലെടുത്തത്.
കഴിഞ്ഞ 17നാണ് വയോധികയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസില്‍ മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തന്‍വീട്ടില്‍ അബൂബക്കറി(68)നെ പോലീസ് 21ന് അറസ്‌റ്റുചെയ്‌തിരുന്നു. 62-കാരി ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ടതാണെന്നും അബൂബക്കറാണ് കേസിലെ പ്രതിയെന്നുമാണ് കഴിഞ്ഞദിവസം പോലീസ് പറഞ്ഞിരുന്നത്. ഇയാള്‍ കുറ്റംസമ്മതിച്ചതായും പോലീസ് പറഞ്ഞിരുന്നു. തുടര്‍ന്ന് അബൂബക്കറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുംചെയ്തു. എന്നാല്‍, അബൂബക്കര്‍ റിമാന്‍ഡിലായി 24 മണിക്കൂറിനുള്ളിലാണ് കേസില്‍ വീഴ്ച സംഭവിച്ചതായി പോലീസ് തന്നെ സമ്മതിച്ചിരിക്കുന്നത്. അബൂബക്കറിന്റെ പേരില്‍ ചുമത്തിയ കുറ്റം ഒഴിവാക്കി നാളെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രന്‍ പറഞ്ഞു.
അതേസമയം, നിരപരാധിയായ ഒരാളെയാണ് പോലീസ് 24 മണിക്കൂറോളം ബലാത്സംഗ, കൊലപാതകക്കേസിലെ പ്രതിയാക്കിയത്. ഇത് പോലീസ് അന്വേഷണത്തിലെ ഗുരുതരവീഴ്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നതും.
സംഭവത്തിന് ശേഷം കാണാതായ വയോധികയുടെ ഫോണ്‍ പ്രതികള്‍ ഓണാക്കിയതാണ് കേസില്‍ നിര്‍ണായകമായത്. സംഭവശേഷം സ്വിച്ച് ഓഫായ വയോധികയുടെ ഫോണ്‍ 21നു കരുനാഗപ്പള്ളി ടവര്‍ ലൊക്കേഷനില്‍ പ്രവര്‍ത്തനസജ്‌ജമായി. തുടര്‍ന്നാണ് സൈനുലാബ്‌ദീനും ഭാര്യയും ഫോണുമായി പോലീസിന്റെ കസ്‌റ്റഡിയിലായത്. സംഭവദിവസം വയോധികയുടെ വീട്ടില്‍ വന്ന അബൂബക്കറാണ് കൊലപാതകത്തിനു പിന്നിലെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. എന്നാല്‍, സൈനുലാബ്‌ദീന്‍ പിടിയിലായതോടെ വയോധികയുടെ വീട്ടില്‍ അബൂബക്കര്‍ വന്നുപോയ ശേഷമാണ് കൊലപാതകം നടന്നതെന്നു വ്യക്‌തമായി.
മോഷണശ്രമത്തിനിടെ കഴുത്ത് ഞെരുക്കിയാണ് കൊലപാതകം നടത്തിയത്. അബൂബക്കര്‍ വീടിനുള്ളില്‍ ഉള്ളപ്പോള്‍ പ്രതികള്‍ പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. അബൂബക്കര്‍ പോയ ശേഷം അകത്ത് കയറിയ പ്രതികള്‍ കൊലപാതകം നടത്തിയശേഷം മൊബൈല്‍ ഫോണിനൊപ്പം സ്വര്‍ണമല്ലാത്ത കമ്മലും മാത്രമാണ് കൊണ്ടുപോയതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. അറസ്‌റ്റിലായ സൈനുലാബ്‌ദീനെയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ അനീഷയെയും വിശദമായി ചോദ്യം ചെയ്‌താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നും പോലീസ് വ്യക്‌തമാക്കി.




