Health

നിന്നുകൊണ്ട് വെള്ളം കുടിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്? ആയുർവേദത്തിലെ രഹസ്യങ്ങൾ ഇതാ

മനുഷ്യശരീരത്തിന് ജീവനും ആരോഗ്യവും നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വെള്ളം. പരമാവധി ഗുണം ലഭിക്കുന്നതിനായി വെള്ളം കുടിക്കേണ്ട ശരിയായ രീതിയെക്കുറിച്ച് ആയുർവേദം വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. എപ്പോഴൊക്കെ വെള്ളം കുടിക്കുന്നത് ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം അത് ആരോഗ്യത്തെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്നും ആയുർവേദം വിശദീകരിക്കുന്നു. വെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ആയുർവേദ നിർദ്ദേശങ്ങളെക്കുറിച്ചും നമുക്ക് പരിശോധിക്കാം.

ആയുർവേദ പ്രകാരം വെള്ളം ഒരു പ്രധാന ജീവശക്തിയാണ്. ദഹനം സുഗമമാക്കാനും സന്ധികളിലെ ആയാസം കുറയ്ക്കാനും ദോഷങ്ങളെ സന്തുലിതമാക്കാനും വെള്ളം അത്യാവശ്യമാണ്. ശരീരത്തിൽ വെള്ളം കുറയുന്നത് വാതദോഷം വർദ്ധിപ്പിക്കുകയും ചർമ്മത്തിലും സന്ധികളിലും വരൾച്ചയുണ്ടാക്കുകയും ചെയ്യുന്നു. ഇത് മലബന്ധം, ദഹനക്കേട്, ശരീരത്തിൽ വിഷാംശം അടിഞ്ഞുകൂടൽ, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ശരീരം തളർന്നിരിക്കുമ്പോൾ കുളിക്കുന്നത് എങ്ങനെയോ അപ്രകാരം തന്നെയാണ് ദാഹിക്കുമ്പോൾ വെള്ളം കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം നൽകുന്നത്.

ഭക്ഷണത്തിന് അരമണിക്കൂർ മുമ്പ് വെള്ളം കുടിക്കുന്നതാണ് ഉചിതം. എന്നാൽ ആഹാരം കഴിഞ്ഞ് ഒരു മണിക്കൂർ കഴിയാതെ വെള്ളം കുടിക്കരുത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ ദാഹം തോന്നുകയാണെങ്കിൽ ചെറിയ അളവിൽ മാത്രം വെള്ളം കുടിക്കാം. വലിയ അളവിൽ വെള്ളം കുടിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും. ഒരിക്കലും നിന്നുകൊണ്ട് വെള്ളം കുടിക്കരുത്, ഇത് ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥയെ തകർക്കും. തണുത്ത വെള്ളത്തിന് പകരംളം ഇളം ചൂടുവെള്ളമോ സാധാരണ താപനിലയിലുള്ള വെള്ളമോ കുടിക്കാൻ ശ്രദ്ധിക്കണം. ചെമ്പ് പാത്രങ്ങളിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ ദോഷങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും.

വെള്ളത്തിന്റെ ഗുണം വർദ്ധിപ്പിക്കാൻ ചില പ്രകൃതിദത്ത മാർഗ്ഗങ്ങളുണ്ട്. ഇളം ചൂടുവെള്ളത്തിൽ നാരങ്ങാനീരും തേനും ചേർക്കുന്നത് പ്രതിരോധശേഷി കൂട്ടാനും ശരീരഭാരം കുറയ്ക്കാനും നല്ലതാണ്. ഇഞ്ചി ചേർത്ത വെള്ളം ദഹനം മെച്ചപ്പെടുത്തുന്നു. ജീരകം, മല്ലി, പെരുംജീരകം എന്നിവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനത്തിനും ഭാരം കുറയ്ക്കാനും സഹായിക്കും. ത്രിഫല ചൂർണ്ണം തലേദിവസം വെള്ളത്തിൽ കലക്കി വെച്ച് രാവിലെ കുടിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. നെല്ലിക്കാനീര് ചേർക്കുന്നത് വിറ്റാമിൻ സി ലഭിക്കാനും രക്തം ശുദ്ധീകരിക്കാനും സഹായിക്കുന്നു. കുങ്കുമപ്പൂവ് ചേർത്ത വെള്ളം മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും നല്ലതാണ്.

കുങ്കുമപ്പൂവ്, നെല്ലിക്കാനീര്, ഉയർന്ന ഗുണമേന്മയുള്ള മല്ലി, ജീരകം, പെരുംജീരകം എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് വെള്ളം കൂടുതൽ ആരോഗ്യപ്രദമാക്കാം. ശരിയായ അളവിലും ശരിയായ രീതിയിലും വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ ജീവിതശൈലിയുടെ തുടക്കമാണ്.