ഒരു മുത്തശ്ശൻ തന്റെ കൊച്ചുമകനെ ഗുജറാത്തിലെ ഒരു പരമ്പരാഗത നാടോടിനൃത്തം പഠിപ്പിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ്. വളരെ ഊർജ്ജസ്വലതയോടെ ഇരുവരും ഒരുമിച്ച് ചുവടുകൾ വെക്കുന്ന ഈ ദൃശ്യം, തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പാരമ്പര്യം കൈമാറുന്നത് എത്ര മനോഹരമായാണെന്ന് കാണിച്ചുതരുന്നു. ആനന്ദ് മഹിന്ദ്ര തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചതാണ് ഈ വീഡിയോ .
വെറുമൊരു നൃത്തം എന്നതിനപ്പുറം വലിയൊരു അർത്ഥം ഈ വീഡിയോയ്ക്ക് പിന്നിലുണ്ടെന്ന് ആനന്ദ് മഹിന്ദ്ര പറയുന്നു. താൻ ഫോണിൽ നോക്കിക്കൊണ്ടിരുന്നപ്പോൾ ഈ വീഡിയോ കണ്ട് പെട്ടെന്ന് നിർത്തിപ്പോയതാണെന്ന് അദ്ദേഹം കുറിച്ചു. ഇതിലെ നൃത്തം ഏതാണെന്ന് തനിക്ക് കൃത്യമായി അറിയില്ലെങ്കിലും, ഇത് സൗരാഷ്ട്രയിൽ നിന്നുള്ളതാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏറെ സന്തോഷവും ഊർജ്ജവും നിറഞ്ഞതാണ് ഈ നൃത്തച്ചുവടുകൾ. എന്നാൽ അതിനേക്കാളൊക്കെ ഉപരിയായി, ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് താളവും പാരമ്പര്യവും ഓർമ്മകളും കൈമാറുന്ന കാഴ്ചയാണ് തന്നെ ഏറെ ആകർഷിച്ചതെന്ന് മഹിന്ദ്ര വ്യക്തമാക്കി. മാറ്റങ്ങൾ നിറഞ്ഞ ഈ ആധുനിക ലോകത്ത്, നമ്മുടെ എല്ലാ പാരമ്പര്യങ്ങളും അസ്തമിച്ചുപോകില്ലെന്ന ഒരു വലിയ ആശ്വാസമാണ് ഈ വീഡിയോ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




