Lifestyle

ദേ… ഇങ്ങോട്ടു പോരൂ… എച്ച്‌-1ബി ഭീഷണിക്കിടെ ‘കെ വിസ’, ആഗോള പ്രതിഭകൾക്ക് വാതിൽ തുറന്ന് ചൈന

ബെയ്‌ജിങ്‌: യു.എസിലെ എച്ച്‌-1ബി വിസ ആശയക്കുഴപ്പത്തിനിടെ കെ വിസയുമായി ചൈന. യുവ ശാസ്‌ത്ര-സാങ്കേതിക പ്രതിഭകളെ തങ്ങളുടെ രാജ്യത്തേക്ക്‌ ആകര്‍ഷിക്കാനാണു ചൈനയുടെ നീക്കം.
വിദേശികളുടെ പ്രവേശനവും സഞ്ചാരവും നിയന്ത്രിക്കുന്ന നിയമത്തിലുള്ള ഭേദഗതി ചൈനീസ്‌ പ്രധാനമന്ത്രി ലി ക്വിയാങ്ങാണു പ്രഖ്യാപിച്ചത്‌.
പുതിയ നിയമങ്ങള്‍ അടുത്തമാസം ഒന്നു മുതല്‍ കെ വിസ പ്രാബല്യത്തില്‍ വരുമെന്നു ചൈനീസ്‌ ന്യൂസ്‌ ഏജന്‍സി സിന്‍ഹുവ അറിയിച്ചു. നിലവില്‍ 12 തരം വിസകളാണു ചൈനയിലുള്ളത്‌. അതുമായി താരതമ്യം ചെയ്യുമ്പോള്‍ കെ വിസ ഉടമകള്‍ക്കു കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യം, കൂടുതല്‍ കാലാവധി, താമസ കാലാവധി എന്നിവ ലഭിക്കും. ചൈനയില്‍ പ്രവേശിച്ച ശേഷം, വിദ്യാഭ്യാസം, കല, ശാസ്‌ത്ര സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ കെ വിസ അനുവാദം നല്‍കും. ബിസിനസുകള്‍ നടത്താനും അനുവാദമുണ്ട്‌. കെ വിസയ്‌ക്ക്‌ അപേക്ഷിക്കുന്നവര്‍ പ്രസക്‌തമായ ചൈനീസ്‌ അധികൃതര്‍ നിശ്‌ചയിച്ച യോഗ്യതകളും ആവശ്യകതകളും പാലിക്കണം, സഹായക രേഖകള്‍ സമര്‍പ്പിക്കണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ കെ വിസയ്‌ക്കുണ്ട്‌. പക്ഷേ, അപേക്ഷകര്‍ക്ക്‌ ചൈനീസ്‌ ഉദ്യോഗസ്‌ഥരോ സ്‌ഥാപനമോ ക്ഷണം നല്‍കേണ്ടതില്ല, അപേക്ഷാ നടപടിക്രമവും കൂടുതല്‍ ലളിതമായിരിക്കും. ലോകമെമ്പാടുമുള്ള പ്രതിഭകളുടെ പങ്കാളിത്തം വികസനത്തിന്‌ ആവശ്യമാണെന്നും ചൈനയില്‍ നിരവധി അവസരങ്ങളുണ്ടെന്നും ലി ക്വിയാങ്‌ വ്യക്‌തമാക്കി.
സാങ്കേതിക വിദഗ്‌ധരുടെ സേവനം ഉറപ്പാക്കാന്‍ വിസ നിയമങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള ചൈനയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണു പുതിയ നീക്കം. ജൂലൈ അവസാനത്തോടെ, 75 രാജ്യങ്ങളുമായി ചൈന ഏകപക്ഷീയ വിസരഹിത പ്രവേശനമോ പരസ്‌പര വിസ ഒഴിവാക്കല്‍ ധാരണകളോ നടപ്പിലാക്കിയിട്ടുണ്ട്‌.
അതോടെ ചൈനയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലും കുതിപ്പുണ്ടായി. 2025 ലെ ആദ്യ ആറ്‌ മാസങ്ങളില്‍ വിദേശ പൗരന്മാര്‍ ചൈനയിലേക്ക്‌ 3.80 കോടി യാത്രകള്‍ നടത്തി. 30.2 ശതമാനമാണ്‌ വര്‍ധന. ഈ യാത്രകളില്‍ 1.36 കോടി വിസരഹിത പ്രവേശനങ്ങള്‍ ഉള്‍പ്പെട്ടിരുന്നു.