Crime

നാലു മക്കളെ മയക്കുമരുന്ന് നൽകി ചുറ്റികകൊണ്ട് അടിച്ചുകൊന്ന മാതാവ് ഓടയിൽ മരിച്ച നിലയിൽ- ദുരൂഹത

ഉത്തർപ്രദേശിലെ അക്ബർപൂരിൽ സ്വന്തം മക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിയെ വീടിനടുത്തുള്ള ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ നാല് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് നാടിനെ നടുക്കിയ ഈ പുതിയ വിവരം പുറത്തുവരുന്നത്.

കോട്‌വാലി നഗർ പോലീസ് പരിധിയിലെ മുറാദാബാദ് പ്രദേശത്താണ് ശനിയാഴ്ച ഉച്ചയോടെ നാല് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവസമയം ഒളിവിലായിരുന്ന മാതാവ് ഘാസിയ ഖാത്തൂണിനായി പോലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഭർത്താവുമായുണ്ടായ തർക്കത്തെത്തുടർന്ന്, കുട്ടികൾക്ക് മയക്കുമരുന്ന് നൽകിയ ശേഷം ചുറ്റിക കൊണ്ട് അടിച്ചാണ് യുവതി കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

സ്ത്രീയെ കണ്ടെത്താനായി പോലീസ് പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയും ചിലരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഞായറാഴ്ച വീടിന് നൂറ് മീറ്റർ മാത്രം അകലെയുള്ള ഓടയിൽ ഇവർ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഇതോടെ കേസിൽ ദുരൂഹത ഏറിയിട്ടുണ്ട്. മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയുമടങ്ങുന്ന മക്കൾക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.