തെലുങ്ക് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഷു റെഡ്ഡി (വെങ്കിട്ട അശ്വിനി റെഡ്ഡി), ലണ്ടനിലുള്ള തെലുങ്കാന സ്വദേശിയായ സോഫ്റ്റ്വെയർ എൻജിനീയർ വൈ.വി. ധർമ്മേന്ദ്രയിൽ നിന്ന് 9.35 കോടി രൂപ തട്ടിയെടുത്തതായി പരാതി. ധർമ്മേന്ദ്രയുടെ പിതാവ് യെനുമുല സത്യനാരായണ മൂർത്തി നൽകിയ പരാതിയെത്തുടർന്ന് ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷൻ പൊലീസ് നടിക്കും കുടുംബത്തിനുമെതിരെ കേസെടുത്തു. 2018 മുതൽ 2025 വരെയുള്ള കാലയളവിൽ ആസൂത്രിതമായ ഹണിട്രാപ്പിലൂടെ പണവും സ്വത്തുക്കളും കൈക്കലാക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
2018-ൽ ഇന്ത്യയിൽ വെച്ചാണ് ധർമ്മേന്ദ്ര അഷു റെഡ്ഡിയെ പരിചയപ്പെടുന്നത്. സിനിമയിൽ കരിയർ തുടങ്ങാൻ ആഗ്രഹിക്കുന്നൊരാളാണെന്ന് പരിചയപ്പെടുത്തിയ നടി വൈകാതെ ധർമ്മേന്ദ്രയുമായി പ്രണയത്തിലാവുകയായിരുന്നു. ധർമ്മേന്ദ്രയുടെ വിവാഹമോചന നടപടികൾ നടക്കുകയാണെന്ന് അറിഞ്ഞിട്ടും അത് പ്രശ്നമല്ലെന്ന് വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം നൽകിയാണ് നടി ബന്ധം മുന്നോട്ട് കൊണ്ടുപോയതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
വീട്ടുകാർ സഹായിക്കുന്നില്ലെന്നും വീസ പ്രശ്നങ്ങളുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് നടി ധർമ്മേന്ദ്രയിൽ നിന്ന് പണം വാങ്ങിത്തുടങ്ങിയത്. പിന്നീട് ആഡംബര കാറുകൾക്കും സ്വർണ്ണത്തിനുമായി വൻ തുകകൾ കൈപ്പറ്റി. വിവാഹത്തിന് വീട്ടുകാരുടെ സമ്മതം വാങ്ങാനെന്ന പേരിൽ വർഷങ്ങളോളം പണം വാങ്ങിയ നടി, ലങ്കോ ഹിൽസിന് സമീപം ധർമ്മേന്ദ്ര 3 കോടി രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റ് അദ്ദേഹം ലണ്ടനിലായിരുന്ന സമയത്ത് സ്വന്തം പേരിലേക്ക് മാറ്റിയതായും ആരോപണമുണ്ട്.
അഷു റെഡ്ഡിയുടെ അച്ഛൻ, അമ്മ, സഹോദരി എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ബന്ധത്തിൽ തർക്കങ്ങളുണ്ടാകുമ്പോൾ നടിയുടെ വീട്ടുകാർ ഇടപെട്ട് ധർമ്മേന്ദ്രയെ അനുനയിപ്പിക്കുകയായിരുന്നു പതിവ്. നൽകിയ പണവും സ്വത്തും തിരികെ ചോദിച്ചപ്പോൾ ലൈംഗിക പീഡനക്കേസിൽ കുടുക്കുമെന്ന് നടി ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. നടി ഹേമയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ 70 ലക്ഷം രൂപ നൽകാമെന്ന് അഷു സമ്മതിച്ചെങ്കിലും പിന്നീട് ആ വാഗ്ദാനവും ലംഘിക്കപ്പെട്ടു.
തനിക്കെതിരെയുള്ള ആരോപണങ്ങളും എഫ്ഐആർ രജിസ്റ്റർ ചെയ്ത വാർത്തകളും പുറത്തുവന്നതിന് പിന്നാലെ, ആരോപണങ്ങൾ പരോക്ഷമായി നിഷേധിച്ചുകൊണ്ട് അഷു റെഡ്ഡി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. തന്റെ അനുവാദമില്ലാതെ തെറ്റായ വിവരങ്ങളോ വാർത്തകളോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ മുന്നറിയിപ്പ് നൽകി. നിലവിൽ ഈ വിഷയത്തിൽ നടിയോ അവരുടെ പ്രതിനിധികളോ മറ്റ് വിശദമായ ഔദ്യോഗിക വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല.




