മേരി കൊറോണിയോസ് എന്ന അമേരിക്കൻ വനിത തന്റെ നൂറാം ജന്മദിനം ആഘോഷിച്ചത്, ആഴ്ചയിൽ പലതവണ വ്യായാമം ചെയ്യാൻ പോകാറുള്ള ഫിറ്റ്‌നസ് ക്ലബിൽ വെച്ചാണ്. നൂറാം വയസ്സിലെത്തിയ ഇവര്‍ തന്റെ സന്തോഷകരവും ആരോഗ്യകരവുമായ ജീവിതത്തിന്റെ അഞ്ച് രഹസ്യങ്ങൾ പങ്കുവെച്ചു.
ജീവിതത്തിലെ സന്തോഷങ്ങൾ ആസ്വദിക്കുക, സ്ഥിരമായ വ്യായാമം, സമീകൃതാഹാരം എന്നിവയാണ് അവരുടെ ആരോഗ്യ രഹസ്യങ്ങൾ.
അഞ്ച് രഹസ്യങ്ങൾ
ശരീരത്തിന് കരുത്ത് നൽകുക
അടിവയറിന് ബലം നൽകുന്ന ‘സിറ്റ് ടു സ്റ്റാൻഡ്’ എന്ന വ്യായാമം അവർ 10 മുതൽ 15 തവണ വരെ ചെയ്യും. കൂടാതെ അവർ കാർഡിയോ വ്യായാമങ്ങൾ ചെയ്യുന്നതിൽ അതീവ താല്പര്യമുള്ളയാളാണ്. സൈക്കിളിൽ കലോറി കത്തിക്കുന്നതിനൊപ്പം, എച്ച്ഐഐടി രീതിയിലുള്ള വ്യായാമങ്ങളും അവർ ചെയ്യാറുണ്ട്.
സ്വയം വെല്ലുവിളിക്കുക
നഗരത്തിൽ വളർന്ന കൊറോണിയോസ്, തന്റെ കുടുംബത്തിന് അധികം പണമുണ്ടായിരുന്നില്ലെന്നും എന്നാൽ മരങ്ങളിൽ കയറിയും, റെയിൽവേ ട്രാക്കുകളിലൂടെ സഞ്ചരിച്ചും നീന്തിയും ബാല്യം ചിലവഴിച്ചുവെന്നും പറഞ്ഞു. എല്ലാ കാര്യങ്ങളിലും സ്വയം വെല്ലുവിളിച്ചത് തന്റെ വ്യക്തിത്വം വളർത്താനും ഇന്നത്തെ താനായി മാറാനും സഹായിച്ചുവെന്ന് അവർ പറയുന്നു. “ഞങ്ങൾ എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്യുമായിരുന്നു. കാടുകളിൽ കാൽനടയാത്ര നടത്തുകയും പഴയ കരകൗശല വസ്തുക്കൾ കണ്ടെത്തുകയും ചെയ്യുമായിരുന്നു. അതൊരു സൗഹൃദപരമായ മത്സരമായിരുന്നു. ഞാൻ ഒരുപാട് തവണ വിജയിച്ചിട്ടുണ്ട്. ഞാനാണ് മൂത്തത്, അതിനാൽ ഞാൻ അവർക്ക് അവസരം നൽകുമായിരുന്നു,” അവർ പറഞ്ഞു. കുടുംബത്തെ സഹായിക്കാൻ വേണ്ടി ഡങ്കിൻ ഡോനട്ട്‌സിൽ ജോലി ചെയ്യുന്നതിനോടൊപ്പം എഴുപതുകൾ വരെ മുഴുവൻ സമയ അധ്യാപികയായും അവർ സേവനമനുഷ്ഠിച്ചു.
മിതമായി ആഹാരം കഴിക്കുക
വ്യായാമം ചെയ്യുന്നത് ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രധാന ഭാഗമാണെങ്കിലും, ശരിയായ ഭക്ഷണം ഇല്ലെങ്കിൽ അത് പൂർണ്ണമാവില്ല. പ്രാതലിന് രണ്ട് മുട്ടയും അല്പം വെണ്ണയും ഒരു കപ്പ് ചായയും കഴിക്കുന്ന ഒരു ശീലം കൊറോണിയോസിനുണ്ട്. ഉച്ചഭക്ഷണത്തിന് ചിക്കൻ വെജിറ്റബിൾ സൂപ്പും അത്താഴത്തിന് മകൾ അഥീന ഉണ്ടാക്കുന്നതുമാണ് കഴിക്കുന്നത്. അവർ മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ഇല്ല, വല്ലപ്പോഴും മാത്രം മിഠായി പോലുള്ള സാധനങ്ങൾ മിതമായി കഴിക്കാറുണ്ട്.
എപ്പോഴും സജീവമായിരിക്കുക
ശരീരം നോക്കുന്നതിന് പുറമെ, തലച്ചോറിന്റെ ആരോഗ്യത്തിനും കൊറോണിയോസ് മുൻഗണന നൽകുന്നു. വാർത്തകൾ വായിച്ചും പുതിയ കാര്യങ്ങൾ പഠിച്ചും അവർ തലച്ചോറിന് വ്യായാമം നൽകുന്നു. “നിങ്ങൾക്ക് ജീവിതത്തെക്കുറിച്ചും പഠനത്തെക്കുറിച്ചും ജിജ്ഞാസയുണ്ടെങ്കിൽ, അത് നിങ്ങളെ കൂടുതൽ വഴക്കമുള്ളവരാക്കും. ദീർഘായുസ്സിന് നിങ്ങൾക്ക് ഈ വഴക്കം ആവശ്യമാണ്,” അഥീന പറഞ്ഞു.
മറ്റുള്ളവരെ സഹായിക്കുക
സമൂഹവുമായി ഇടപഴകുന്നത് തന്നെ സഹായിക്കുമെന്ന് കൊറോണിയോസ് പറയുന്നു. ജീവിതത്തെ നയിച്ച ഒരു വിശ്വാസവും അവർക്കുണ്ട്. “ദൈവമാണ് എല്ലാം നിയന്ത്രിക്കുന്നതെന്ന് ഞാൻ ഓർക്കുന്നു, അപ്പോൾ ഞാൻ കൂടുതൽ നന്നായി പെരുമാറും,” അവർ പറഞ്ഞു.
അതേസമയം, തന്റെ അമ്മ ഒരു “കുപ്രസിദ്ധ പ്രണയിനി” ആണെന്നും “80 വയസ്സ് തികഞ്ഞ, അവിവാഹിതരായ, ഒന്നിച്ചു കൂടാൻ ആഗ്രഹിക്കുന്ന സുന്ദരന്മാരെ കണ്ടെത്താനുള്ള” ഒരു അവസരവും അവൾ നഷ്ടപ്പെടുത്താറില്ലെന്നും മകള്‍ അഥീന വെളിപ്പെടുത്തി.




