ലണ്ടനിലെ ഒരു പബ്ബിന് പുറത്തുനിന്നും വജ്രങ്ങൾ പതിപ്പിച്ച അപൂർവ്വമായ ഒരു ‘ഫാബർഷെ മുട്ടയും’ സ്വർണ്ണ വാച്ചും അടങ്ങിയ ബാഗ് മോഷ്ടിച്ച യുവാവ്, ഉള്ളിലെ സാധനങ്ങളുടെ മൂല്യം അറിയാതെ അവ മയക്കുമരുന്നിന് പകരമായി കൈമാറി. ഏകദേശം 20 കോടിയിലധികം രൂപ വിലമതിക്കുന്ന ഈ അമൂല്യ വസ്തുക്കൾ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2024 നവംബറിലാണ് എൻസോ കോണ്ടിസെല്ലോ എന്ന 29-കാരൻ ഈ മോഷണം നടത്തിയത്. ഒരു വിസ്കി കമ്പനിയിലെ ജീവനക്കാരിയായ റോസി ഡോസണിന്റെ ബാഗാണ് ഇയാൾ കവർന്നത്. ഒരു ചടങ്ങിന് ശേഷം മടങ്ങുകയായിരുന്ന അവർ പബ്ബിന് പുറത്ത് ബാഗ് താഴെ വെച്ച സമയത്താണ് മോഷണം നടന്നത്. ബാഗിനുള്ളിൽ പച്ചമരതകം പതിപ്പിച്ച നാല് ഇഞ്ച് ഉയരമുള്ള മുട്ടയുടെ ആകൃതിയിലുള്ള ശില്പവും റോസ് ഗോൾഡ് വാച്ചും ഉണ്ടായിരുന്നു. ലോകത്ത് ആകെ ഏഴ് എണ്ണം മാത്രം നിർമ്മിക്കപ്പെട്ട അപൂർവ്വ ശേഖരത്തിലെ ഒന്നായിരുന്നു ഇത്.
മോഷണം നടന്നയുടൻ റോസിയുടെ ബാങ്ക് കാർഡുകൾ കടയിൽ ഉപയോഗിക്കാൻ ശ്രമിച്ചതോടെയാണ് പ്രതി പിടിയിലായത്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതോടെ താൻ മയക്കുമരുന്നിന് അടിമയായെന്നും, പണത്തിന് വേണ്ടിയാണ് മോഷണം നടത്തിയതെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. ബാഗിനുള്ളിലെ സാധനങ്ങൾ അമൂല്യമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഏതാനും ഗ്രാം കൊക്കൈന് പകരമായി മറ്റൊരാൾക്ക് ബാഗ് നൽകിയെന്നും ഇയാൾ വെളിപ്പെടുത്തി.
മോഷണം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇയാളെ രണ്ട് വർഷവും മൂന്ന് മാസവും തടവിന് ശിക്ഷിച്ചു. ഇൻഷുറൻസ് കമ്പനി ബാഗ് ഉടമകൾക്ക് ഏകദേശം ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകിയെങ്കിലും, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആ അമൂല്യ വസ്തുക്കൾ എവിടെയാണെന്ന് ഇപ്പോഴും വ്യക്തമല്ല. ഇന്നും ആ ഫാബർഷെ മുട്ടയും വാച്ചും കാണാമറയത്ത് തുടരുന്നു.




