Crime

റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ 60കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, സംഭവം മകള്‍ പ്ലാറ്റ്ഫോമില്‍ കാത്തുനില്‍ക്കേ

റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ കയറിയ അറുപതുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് പിടികൂടി. മുംബൈയിലെ ഘട്കോപ്പര്‍ റെയില്‍വേ സ്റ്റേഷനില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മകള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് ഈ സ്ത്രീക്ക് മോശം അനുഭവമുണ്ടായത്.

ഘട്കോപ്പറില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ആളാണ് ഇവര്‍. ജോലി കഴിഞ്ഞ് മകള്‍ക്കൊപ്പം ഖഡ്​‌വിലെ വീട്ടിലേക്ക് പോകാനായി ട്രെയിന്‍ കയറാന്‍ എത്തിയതായിരുന്നു. ആ സമയത്താണ് ശുചിമുറിയില്‍ കയറിയത്. മകള്‍ പ്ലാറ്റ്ഫോമിലേക്ക് പോവുകയും ചെയ്തു.

ശുചിമുറിക്ക് പുറത്ത് സുരക്ഷാ ജീവനക്കാര്‍ ആരും ഉണ്ടായിരുന്നില്ല. പെട്ടെന്ന് അവിടെ എത്തിയ യുവാവ് ശുചിമുറിയില്‍ കയറി പ്രധാന വാതില്‍ അകത്തുനിന്ന് പൂട്ടി. ശുചിമുറിയില്‍ നിന്ന് പുറത്തിറങ്ങിയ സ്ത്രീയെ ഇയാള്‍ പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. തുടര്‍ന്ന് യുവാവ് ശുചിമുറിയില്‍ നിന്ന് പുറത്തുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.

സ്ത്രീയുടെ നെറ്റിയില്‍ പരുക്കേറ്റ പാടുകളുണ്ട്. പുറത്തിറങ്ങിയ ശേഷം അവര്‍ മകളോടൊപ്പം ആര്‍പിഎഫിനെ കണ്ട് വിവരം പറഞ്ഞു. ഉടന്‍ തന്നെ അവരെ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മെട്രോ സ്റ്റേഷന് സമീപത്തുനിന്ന് യുവാവിനെ പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.