Spotlight

വിവാഹ സല്‍ക്കാരത്തിനിടെ കുഴഞ്ഞു വീണു; ഡോക്ടറായ വരന് ദാരുണാന്ത്യം

വിവാഹ സല്‍ക്കാരത്തിനിടെ വരന്‍ കുഴഞ്ഞുവീണ് മരിച്ചു. ബിഹാറിലെ കതിഹാര്‍ ജില്ലയിലാണ് സംഭവം നടന്നത്. പവന്‍കുമാര്‍ യാദവ് എന്ന യുവാവാണ് മരിച്ചത്. വിവാഹത്തിന്റെ പിറ്റേന്ന് നടന്ന സല്‍ക്കാരത്തിനിടെ പവന്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അദ്ദേഹം മരിച്ചു. ആയുഷ് ഡോക്ടറായിരുന്നു പവന്‍. ബുധനാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ വിവാഹം.

വലിയ ആഘോഷത്തോടെയാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. വരന്റെ നാട്ടില്‍ നിന്ന് വലിയ ഘോഷയാത്രയായി വധുവിന്റെ ഗ്രാമമായ ദിറ ചന്ദ്പുരിലേക്ക് പവനും കുടുംബാംഗങ്ങളും ബന്ധുക്കളും എത്തി. വ്യാഴാഴ്ച വധുവിനൊപ്പം പവന്‍ പട്നയിലെ വീട്ടിലേക്ക് മടങ്ങി. അവിടെ നടത്തിയ സല്‍ക്കാരം അവസാനിക്കാറായപ്പോഴാണ് പവന്‍ കുഴഞ്ഞുവീണത്.

ചടങ്ങില്‍ പങ്കെടുത്തവര്‍ ഉടന്‍ തന്നെ പവനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില മോശമാകുന്നത് കണ്ട് വിദഗ്ധ ചികിത്സയ്ക്കായി പുര്‍ണിയയിലേക്ക് മാറ്റി. എന്നാല്‍ ആശുപത്രിയില്‍ എത്തുംമുന്‍പേ മരണം സംഭവിച്ചു.

പവന്റെ മരണവിവരം അറിഞ്ഞതോടെ വധു കുഴഞ്ഞുവീണു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവര്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പവന്റെ മൃതദേഹം സംസ്കരിക്കും.