ഭോപ്പാലിൽ കുട്ടിക്കാലത്ത് നേരിട്ട ലൈംഗികാതിക്രമത്തിന് പ്രതികാരമായി 75 വയസ്സുള്ള മുത്തച്ഛനെ 20 കാരിയായ കൊച്ചുമകൾ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
പുലർച്ചെ മൂന്നു മണിയോടെ കൈയിൽ ക്രിക്കറ്റ് ബാറ്റുമായി യുവതി സ്വന്തം ബൈക്കിൽ മുത്തച്ഛന്റെ വീട്ടിലെത്തുകയായിരുന്നു. വാതിൽ തുറന്ന മുത്തശ്ശിയെ മറികടന്ന് മുത്തച്ഛന്റെ മുറിയിലേക്ക് ഓടിയെത്തിയ പെൺകുട്ടി, ഉറങ്ങിക്കിടക്കുകയായിരുന്ന അദ്ദേഹത്തിന്റെ തലയിലും മുഖത്തും ബാറ്റുകൊണ്ട് ക്രൂരമായി ആഞ്ഞടിച്ചു. ഭയന്നുപോയ മുത്തശ്ശിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തുകയും പരിക്കേറ്റ വൃദ്ധനെ ഉടൻതന്നെ അരബിന്ദോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കുട്ടിക്കാലത്ത് താൻ മുത്തച്ഛന്റെ അടുക്കൽ താമസിച്ചിരുന്നപ്പോൾ അദ്ദേഹം നിരന്തരം ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി. മധ്യപ്രദേശ് സ്പെഷ്യൽ ആംഡ് ഫോഴ്സിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനായ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമായിരുന്നു മുൻപ് യുവതി കഴിഞ്ഞിരുന്നത്. അന്ന് ഈ പീഡനവിവരം മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്നാണ് കുടുംബം അവിടെനിന്ന് മാറിത്താമസിച്ചത്.
എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ചെറുപ്പത്തിൽ അനുഭവിച്ച ആ വലിയ മാനസികാഘാതം പെൺകുട്ടിയുടെ മനസ്സിൽനിന്ന് മാഞ്ഞിരുന്നില്ല. സംഭവത്തിന് തൊട്ടുമുമ്പുള്ള ദിവസം രാത്രി വൈകി വീട്ടിലെത്തിയതുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി പെൺകുട്ടി വലിയ തർക്കത്തിലായി. സുരക്ഷയെക്കുറിച്ച് പറഞ്ഞ് മാതാപിതാക്കൾ ശകാരിച്ചപ്പോൾ, ബാല്യത്തിൽ താൻ പീഡിപ്പിക്കപ്പെട്ടപ്പോൾ അവർ യാതൊരു നടപടിയും എടുത്തില്ലല്ലോ എന്നോർത്ത് പെൺകുട്ടിക്ക് കടുത്ത രോഷം അനുഭവപ്പെട്ടു.
ഈ മാനസിക സംഘർഷവും ദേഷ്യവുമാണ് ഒടുവിൽ കൊലപാതകത്തിലേക്ക് നയിച്ചതെന്നും, തർക്കത്തിനിടെ ബൈക്കിന്റെ താക്കോലും ബാറ്റുമെടുത്ത് ഇറങ്ങിയ യുവതി മുത്തച്ഛനെ ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്ന് അഡീഷണൽ കമ്മീഷണർ ഓഫ് പൊലീസ് അശോക് സിങ് ജദോൻ അറിയിച്ചു.




