Health

ട്രംപ് ദിവസവും ആസ്പിരിൻ കഴിക്കാറുണ്ട്; ദിവസേന ആസ്പിരിൻ കഴിക്കുന്ന ശീലം നല്ലതാണോ?

ദിവസവും ആസ്പിരിൻ (Aspirin) കഴിക്കുന്ന തന്റെ ശീലത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മനസ്സ് തുറന്നു. മാനസികമായി തനിക്ക് ഇത് ആവശ്യമാണെന്നും, പാർശ്വഫലങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഉയർന്ന അളവിലുള്ള ആസ്പിരിൻ കഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ ദിവസവും ഒരു ആസ്പിരിൻ കഴിക്കാറുണ്ട്. അത് ഗുണം ചെയ്യുന്നുണ്ടോ എന്ന് എനിക്കറിയില്ല, എങ്കിലും മാനസികമായി എനിക്ക് അത് വേണം. അത് രക്തം നന്നായി നേർത്തതാക്കുമെന്ന് കരുതുന്നു. വർഷങ്ങളായി ഞാൻ ഇത് ചെയ്യുന്നു, എനിക്ക് ഒരു കുഴപ്പവുമില്ലാതെ സംസാരിക്കാൻ സാധിക്കുന്നുമുണ്ട്. ബെയർ (Bayer) കമ്പനിയുടെ വലിയ ആസ്പിരിനാണ് ഞാൻ കഴിക്കുന്നത്. 80 മില്ലിഗ്രാമിലേക്ക് കുറയ്ക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടെങ്കിലും ഞാൻ 386 മില്ലിഗ്രാമിന്റെ വലിയ ഗുളികയാണ് കഴിക്കുന്നത്. ഇത്രയും വലിയ അളവിൽ കഴിക്കേണ്ടതില്ലെന്ന് അവർ പറഞ്ഞപ്പോൾ, കഴിഞ്ഞ 35 വർഷമായി ഞാൻ ഇത് കഴിക്കുന്നുണ്ടെന്നും എന്നെ വെറുതെ വിടണമെന്നുമാണ് ഞാൻ മറുപടി നൽകിയത്,” ട്രംപ് വ്യക്തമാക്കി.

വേദന സംഹാരിയായും പനി കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നാണ് ആസ്പിരിൻ. രക്തം കട്ടപിടിക്കുന്നത് തടയാൻ ഇത് സഹായിക്കും. ഹൃദ്രോഗമുള്ള ചില രോഗികൾക്ക് ഡോക്ടർമാർ ദിവസവും ആസ്പിരിൻ നിർദ്ദേശിക്കാറുണ്ടെങ്കിലും, എല്ലാവരും ദിവസവും ഇത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതി, പ്രായം, ആന്തരിക രക്തസ്രാവത്തിനുള്ള സാധ്യത എന്നിവ അടിസ്ഥാനമാക്കിയാണ് മരുന്ന് നിശ്ചയിക്കേണ്ടത്. ദിവസവും ആസ്പിരിൻ കഴിക്കുന്നത് ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:

ഹൃദയാഘാത സാധ്യത കുറയ്ക്കാം:

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകൾ ഒട്ടിപ്പിടിക്കുന്നത് ആസ്പിരിൻ തടയുന്നു. ഇത് ഹൃദയത്തിലേക്കും തലച്ചോറിലേക്കുമുള്ള രക്തധമനികളിൽ രക്തം കട്ടപിടിക്കുന്നത് തടയാൻ സഹായിക്കും. മുൻപ് ഹൃദയാഘാതമോ സ്ട്രോക്കോ വന്നിട്ടുള്ളവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം കുറഞ്ഞ അളവിൽ ആസ്പിരിൻ കഴിക്കുന്നത് വീണ്ടും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

ആന്തരിക രക്തസ്രാവത്തിനുള്ള സാധ്യത:

രക്തം കട്ടപിടിക്കാനുള്ള ശേഷി കുറയ്ക്കുന്നതിനാൽ, ചെറിയ മുറിവുകളിൽ നിന്ന് പോലും കൂടുതൽ സമയം രക്തം വരാൻ ആസ്പിരിൻ കാരണമാകും. എളുപ്പത്തിൽ ചതവുകൾ ഉണ്ടാകാനും ഇത് ഇടയാക്കും. വയറിനുള്ളിലോ വൻകുടലിലോ, അപൂർവ്വമായി തലച്ചോറിലോ രക്തസ്രാവം ഉണ്ടാകാനും സാധ്യതയുണ്ട്.

ആമാശയത്തിലെ അൾസറും അസ്വസ്ഥതകളും:

ആമാശയത്തിലെ ആസിഡിൽ നിന്ന് സംരക്ഷണം നൽകുന്ന ഘടകങ്ങളെ ആസ്പിരിൻ പ്രതികൂലമായി ബാധിക്കാം. ഇത് ആമാശയത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കാനും അൾസറിന് കാരണമാകാനും ഇടയാക്കും. ചിലരിൽ വയറുവേദന, ദഹനക്കേട്, ഛർദ്ദി എന്നിവ കാണപ്പെടാം. കഠിനമായ അൾസർ രക്തസ്രാവത്തിലേക്ക് നയിച്ചാൽ കറുത്ത മലമോ രക്തം ഛർദ്ദിക്കുന്നതോ ആയ ലക്ഷണങ്ങൾ കാണാം.

ആദ്യത്തെ ഹൃദയാഘാതം തടയാൻ സഹായിക്കണമെന്നില്ല:

മുൻപ് ഹൃദയാഘാതം വരാത്തവർ ഇത് കഴിക്കുന്നത് കൊണ്ട് കാര്യമായ പ്രയോജനമില്ലെന്ന് മാത്രമല്ല, കഠിനമായ രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യാം. അതുകൊണ്ട് പ്രതിരോധ മാർഗ്ഗമായി ആസ്പിരിൻ നിർദ്ദേശിക്കുന്നതിന് മുൻപ് ഡോക്ടർമാർ രോഗിയുടെ ആരോഗ്യനില പരിശോധിക്കേണ്ടതുണ്ട്.

പ്രായമായവരിൽ അപകടസാധ്യത കൂടുതൽ:

പ്രായം കൂടുന്തോറും രക്തസ്രാവത്തിനുള്ള സാധ്യതയും വർദ്ധിക്കുന്നു. ഹൃദ്രോഗമില്ലാത്ത 70 വയസ്സിന് മുകളിലുള്ളവർ ഹൃദയാഘാതം തടയാൻ മാത്രമായി ആസ്പിരിൻ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.

മറ്റ് മരുന്നുകളുമായുള്ള പ്രതിപ്രവർത്തനം:

രക്തം നേർത്തതാക്കുന്ന മറ്റ് മരുന്നുകളോടൊപ്പമോ വേദന സംഹാരികൾക്കൊപ്പമോ ആസ്പിരിൻ കഴിക്കുന്നത് രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.

ദിവസവും ആസ്പിരിൻ കഴിക്കാമോ?

ദിവസവും ആസ്പിരിൻ കഴിക്കുന്നത് ഒരു ശീലമാക്കാൻ പാടില്ല. ഡോക്ടറുടെ കൃത്യമായ മേൽനോട്ടത്തിൽ മാത്രമേ ഇത് കഴിക്കാവൂ. ഹൃദ്രോഗ പശ്ചാത്തലമില്ലാത്തവർ സാധാരണയായി ഇത് കഴിക്കുന്നത് ശുപാർശ ചെയ്യുന്നില്ല.