മുംബൈ : മഹാരാഷ്ട്രയിലെ കാശിഗാവിൽ പാർട്ടിക്ക് ക്ഷണിച്ചുവരുത്തിയ ശേഷം 17-കാരിക്ക് നിർബന്ധിച്ച് മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ യുവതിയടക്കം നാല് പേർക്കെതിരെ കാശിഗാവ് പൊലീസ് കേസെടുത്തു. നവംബർ 16-നാണ് ഈ ദാരുണ സംഭവം നടന്നത്.
പെൺകുട്ടി നൽകിയ പരാതി അനുസരിച്ച്, 25 വയസ്സുള്ള സുഹൃത്ത് ശീതൾ രാത്രി ഒൻപത് മണിയോടെ പെൺകുട്ടിയെ വിളിച്ചുവരുത്തി പിയൂഷ് താക്കൂർ, ദുഷ്യന്ത് സിങ്, അഹത് ഖാൻ എന്നീ മൂന്ന് യുവാക്കളെ പരിചയപ്പെടുത്തി. തുടർന്ന് എല്ലാവരും ചേർന്ന് പെൺകുട്ടിയെ വിനയ് നഗറിലെ അഹത് ഖാന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് പ്രതികൾ പെൺകുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു. പിന്നീട് ശീതളും പിയൂഷും ഫ്ലാറ്റിന് താഴേക്ക് ഇറങ്ങിപ്പോയ സമയത്ത്, അർധരാത്രി മുതൽ പുലർച്ചെ ആറ് മണി വരെ ഖാനും ദുഷ്യന്തും ചേർന്ന് പെൺകുട്ടിയെ മാറിമാറി പീഡിപ്പിച്ചു. ഇതിനിടയിൽ തന്റെ കഴുത്തിലുണ്ടായിരുന്ന അഞ്ച് ഗ്രാം സ്വർണമാല പ്രതികൾ തട്ടിയെടുത്തതായും പെൺകുട്ടി പരാതിയിൽ പറയുന്നുണ്ട്.
രാത്രി വൈകിയിട്ടും മകൾ വീട്ടിൽ തിരിച്ചെത്താതിരുന്നതോടെ അമ്മ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പീഡനവിവരം പുറത്തുവന്നത്. ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭാരതീയ ന്യായ സംഹിത, പോക്സോ നിയമങ്ങളിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് നാല് പ്രതികൾക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതികൾ നാലുപേരും ഇപ്പോൾ ഒളിവിലാണെന്നും ഇവരെ പിടികൂടാനായി അന്വേഷണം ശക്തമാക്കിയതായും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.




