തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുകളിൽ കുറ്റപത്രങ്ങൾ ഉടൻ സമർപ്പിക്കും. ഇതിനായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നിയമോപദേശം തേടിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിലാണ് ആദ്യത്തെ കുറ്റപത്രം നൽകുക. പത്തനംതിട്ട സ്വദേശിനിയായ യുവതിയെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് രണ്ടാമത്തെ കുറ്റപത്രം തയ്യാറാകുന്നത്. തെളിവ് നശിപ്പിച്ചതിന് രാഹുലിന്റെ സുഹൃത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ ഫെനി നൈനാനെയും ഈ കേസുകളിൽ പ്രതിയാക്കിയിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പിയായിരുന്ന പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകുന്നതിന് മുൻപ് തന്നെ കുറ്റപത്രത്തിന്റെ കരട് രൂപം തയ്യാറാക്കി നിയമോപദേശത്തിന് അയച്ചിരുന്നു. നിയമോപദേശം ലഭിച്ചാലുടൻ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആകെ മൂന്ന് ബലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഒരു കേസിൽ നേരത്തെ തന്നെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിച്ചു എന്നതാണ് രാഹുലിനെതിരായ ആദ്യ കേസ്. ഈ കേസിന്റെ കരട് കുറ്റപത്രത്തിൽ ബലാത്സംഗം, നിർബന്ധിത ഗർഭച്ഛിദ്രം, ഭീഷണിപ്പെടുത്തൽ, ശാരീരികമായി ഉപദ്രവിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് പൊലീസ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതര സംസ്ഥാനത്ത് പഠിക്കുന്ന യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ആളൊഴിഞ്ഞ വില്ലയിലെത്തിച്ച് പീഡിപ്പിച്ചു എന്നതാണ് രണ്ടാമത്തെ കേസ്. ഇതിൽ ബലാത്സംഗത്തിന് പുറമെ വഞ്ചന, ശാരീരിക ഉപദ്രവം എന്നീ വകുപ്പുകളും ചുമത്തിയാണ് കരട് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.




