Featured Sports

‘പന്തെറിഞ്ഞില്ല, ബാറ്റുവീശിയില്ല, ഫൈനൽ മുടങ്ങി,’; കിരീടം പാകിസ്താന് നൽകി സുൽത്താൻ ഷാ, ബഹിഷ്കരിച്ച് ഇന്ത്യ

ധാക്ക: കാഴ്ചപരിമിതരുടെ ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ ജേതാക്കളായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ ടീം സമ്മാനദാനച്ചടങ്ങ് ബഹിഷ്കരിച്ചു. ധാക്കയിൽ നടക്കേണ്ടിയിരുന്ന കലാശപ്പോരാട്ടം മഴയെത്തുടർന്ന് ഉപേക്ഷിച്ചതോടെ മികച്ച നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ പാക്കിസ്ഥാനെ വിജയികളായി തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ താരങ്ങളുടെ ശക്തമായ എതിർപ്പ് വകവയ്ക്കാതെയായിരുന്നു ഈ നടപടി. വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ (ഡബ്ല്യുബിസിസി) അധ്യക്ഷനും പാക്കിസ്ഥാൻ ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റുമായ സുൽത്താൻ ഷാ ഏകപക്ഷീയമായാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.

ഇന്ത്യയെയും പാക്കിസ്ഥാനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കാൻ ഡബ്ല്യുബിസിസി ടെക്നിക്കൽ കമ്മിറ്റി ആലോചിച്ചിരുന്നതായി ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ് ബ്ലൈൻഡ് ഇന്ത്യ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഇരു ടീമുകൾക്കും കിരീടം പങ്കിട്ടു നൽകണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ടെക്നിക്കൽ കമ്മിറ്റി ഈ നിർദേശം അംഗീകരിച്ചിരുന്നെങ്കിലും, മാച്ച് റഫറിമാരെയും അംപയർമാരെയും സ്വാധീനിച്ച് സുൽത്താൻ ഷാ ആ തീരുമാനം അട്ടിമറിക്കുകയായിരുന്നുവെന്നും ഇന്ത്യ ആരോപിച്ചു.

ഫൈനൽ മത്സരം മുടങ്ങിയതിനാൽ പാക്കിസ്ഥാനെ വിജയികളായി പ്രഖ്യാപിക്കുകയാണെന്ന് റഫറി ഫോണിലൂടെ അറിയിച്ചതായി ഇന്ത്യൻ നായകൻ ടി. ദുർഗാറാവു പറഞ്ഞു. പാക്കിസ്ഥാനെ ജേതാക്കളായും ഇന്ത്യയെ റണ്ണർ അപ്പുകളായും പ്രഖ്യാപിക്കാനായിരുന്നു അവരുടെ നീക്കമെന്നും, മുൻകാലങ്ങളിൽ ഇങ്ങനെയൊരു കീഴ്വഴക്കം ഇല്ലാത്തതിനാൽ തങ്ങൾ അതിനെ ശക്തമായി എതിർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം സാഹചര്യങ്ങളിൽ ഫൈനലിലെത്തിയ ഇരു ടീമുകളും കിരീടം പങ്കുവയ്ക്കുകയാണ് വേണ്ടതെന്നും, നിലവിലെ തീരുമാനം നിയമവിരുദ്ധമായതിനാലാണ് എതിർത്തതെന്നും ക്യാപ്റ്റൻ വ്യക്തമാക്കി.