Crime

ഭര്‍ത്താവറിയാതെ കാമുകനില്‍ കുഞ്ഞ്; നവജാത ശിശുവിനെ കഴുത്തുഞെരിച്ച് ‌കൊലപ്പെടുത്തി യുവതിയും കാമുകനും

ഗാന്ധിനഗർ: ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന യുവതി കാമുകനിൽ ജനിച്ച നവജാതശിശുവിനെ മണിക്കൂറുകൾക്കുള്ളിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിലുള്ള ദെഹ്ഗാം സബ് ഡിവിഷനിലെ അംഗുതല ഗ്രാമത്തിലാണ് ഈ ക്രൂരകൃത്യം നടന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കുഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ 21-കാരിയായ യുവതിയെയും 32-കാരനായ കാമുകനെയും പൊലീസ് പിടികൂടി.

കേസിലെ പ്രതിയായ കൽപ്പന സോളങ്കി ഒരു വർഷത്തിലേറെയായി ഭർതൃവീട്ടിൽ പോവുകയോ ഭർത്താവുമായി ബന്ധപ്പെടുകയോ ചെയ്തിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഈ കാലയളവിലാണ് കാൽജി സോളങ്കി എന്ന യുവാവുമായി ഇവർ അടുപ്പത്തിലായതും ഗർഭിണിയായതും. ഈ മാസം 14-ന് രാത്രി പ്രസവവേദന അനുഭവപ്പെട്ടതോടെ, പ്രാഥമികാവശ്യങ്ങൾക്കെന്ന വ്യാജേന കൽപ്പന അടുത്തുള്ള പുൽമേട്ടിലേക്ക് പോയി. അവിടെ പ്രസവിച്ച പെൺകുഞ്ഞിനെ ഇവർ കാൽജിക്ക് കൈമാറി. തുടർന്ന് ഇയാൾ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സമീപത്തെ ഒരു കുഴിയിൽ തള്ളുകയായിരുന്നു. നാണക്കേട് ഭയന്നാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതികൾ പൊലീസിനോട് കുറ്റസമ്മതം നടത്തി.

പിന്നീട് അതുവഴി കടന്നുപോയ നാട്ടുകാരാണ് കുഞ്ഞിനെ കുഴിയിൽ കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ ഗാന്ധിനഗർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. കഴുത്തുഞെരിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം പരിശോധനയിൽ വ്യക്തമായി. ഇതേത്തുടർന്ന് ദെഹ്ഗാം പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയും കൊലപാതകം, നവജാതശിശുവിനെ ഉപേക്ഷിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു.