വിജയവാഡ: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് യുവതിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തതായി പരാതി. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ താമസസ്ഥലത്ത് യുവതിയെ പരുക്കേറ്റ നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ഓഗസ്റ്റ് 28-ന് രാത്രി വൈകിയാണ് അപ്പാർട്ട്മെന്റിൽ അതിക്രമിച്ചുകയറിയ പ്രദേശവാസികളായ രണ്ടു യുവാക്കൾ മദ്യലഹരിയിൽ യുവതിയെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
പിറ്റേന്ന് രാവിലെ യുവതിയെ പുറത്തുകാണാത്തതിനെ തുടർന്ന് അയൽവാസികൾ വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് ഗുരുതര പരുക്കുകളോടെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് വിജയവാഡ സർക്കാർ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) കൂട്ടബലാത്സംഗ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.




