Crime

വാടകമുറിയിൽ കള്ളനോട്ടെന്ന് രഹസ്യവിവരം; 18 പെട്ടികൾ, തുറന്നപ്പോൾ പൊലീസ് ഞെട്ടി, 26 കോടി; പിന്നാലെ ട്വിസ്റ്റ്

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം കട്ടൻ ബസാറിലെ വാടകക്കെട്ടിടത്തിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ നോട്ടുശേഖരം പൊലീസ് പിടികൂടി. പ്രാഥമിക പരിശോധനയിൽ ഇവ സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡമ്മി നോട്ടുകളാണെന്നാണ് വിവരം. കട്ടൻ ബസാറിലെ വാടകക്കെട്ടിടത്തിൽ കള്ളനോട്ട് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് റൂറൽ സ്ക്വാഡും മതിലകം പൊലീസും സംയുക്തമായി സ്ഥലത്തെത്തി പരിശോധന നടത്തിയത്.

കെട്ടിടത്തിന്റെ വാതിൽ തുറന്ന് അകത്തുകയറിയ ഉദ്യോഗസ്ഥർ 18 കാർഡ്ബോർഡ് പെട്ടികളിലായി അടുക്കിവെച്ചിരുന്ന 500 രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തുകയായിരുന്നു. ഏകദേശം 26 കോടി രൂപയോളം മൂല്യം വരുന്ന നോട്ടുകളാണ് പെട്ടികളിലുണ്ടായിരുന്നത്. ഇതോടെ കള്ളനോട്ടുകളാണെന്ന സംശയത്തിൽ പൊലീസ് വിശദമായ പരിശോധന നടത്തി. എന്നാൽ ഇവ യഥാർഥ കറൻസിയല്ലെന്നും സിനിമാ ഷൂട്ടിങ്ങിനും മറ്റുമായി നിർമ്മിക്കുന്ന ഡമ്മി നോട്ടുകളാണെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

പിടിച്ചെടുത്ത നോട്ടുകെട്ടുകൾ മതിലകം പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ഇത്രയധികം ഡമ്മി നോട്ടുകൾ എന്തിനാണ് വാടകക്കെട്ടിടത്തിൽ എത്തിച്ച് സൂക്ഷിച്ചതെന്നും ഇതിന് പിന്നിൽ ആരാണെന്നും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.