Crime

അടിവസ്ത്രത്തിനുള്ളിൽ 21,000 രൂപ, ലക്ഷ്യം ശബരിമല തീർഥാടകർ; മോഷ്ടാക്കളായ യുവതികൾ പിടിയിൽ, ബസിനുള്ളിൽ വസ്ത്രം മാറിയത് സംശയത്തിനിടയാക്കി

പത്തനംതിട്ട ∙ ശബരിമല തീർഥാടന കാലത്ത് മോഷണം നടത്താൻ എത്തിയതെന്ന് സംശയിക്കുന്ന തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ കൊഴിഞ്ഞമ്പാറ സ്വദേശിനി പാർവതി (ഭവാനി, അനു എന്നീ പേരുകളിലും അറിയപ്പെടുന്നു), തൂത്തുക്കുടി അണ്ണാനഗർ സ്വദേശിനി ഗീത (ലക്ഷ്മി, പാർവതി എന്നീ പേരുകളിലും അറിയപ്പെടുന്നു) എന്നിവരാണ് പിടിയിലായത്. നിരവധി മോഷണക്കേസുകളിൽ പ്രതികളായ ഇവരിൽ ഒരാളുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 21,000 രൂപയും പൊലീസ് കണ്ടെടുത്തു.

ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം നടന്നത്. കോഴഞ്ചേരിയിൽ നിന്നും റാന്നിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ കയറിയ യുവതികൾ യാത്രയ്ക്കിടെ വസ്ത്രം മാറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ ജീവനക്കാർ ഉടൻതന്നെ റാന്നി സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പി.ടി. ഷിന്റോയെ വിവരമറിയിച്ചു. തുടർന്ന് ഷിന്റോ റാന്നി ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന് വിവരം കൈമാറുകയും, അദ്ദേഹത്തിന്റെ നിർദേശപ്രകാരം പൊലീസ് സംഘം റാന്നി സ്റ്റേഷന് മുന്നിൽ ബസ് തടഞ്ഞ് യുവതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സ്റ്റേഷനിലെത്തിച്ച് വനിതാ പൊലീസിന്റെ സഹായത്തോടെ നടത്തിയ വിശദമായ പരിശോധനയിലാണ് ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച 21,000 രൂപ കണ്ടെത്തിയത്. പിന്നീട് പൊലീസിന്റെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രതികളുടെ ചിത്രങ്ങൾ പരിശോധിച്ച് ആളെ തിരിച്ചറിഞ്ഞു. ഈ പരിശോധനയിൽ ഇരുവരും വിവിധ സ്റ്റേഷനുകളിലായി പത്തോളം മോഷണക്കേസുകളിൽ പ്രതികളാണെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.