മുംബൈയിലെ ബൈക്കുളയിൽ മുഹറം ഘോഷയാത്രയ്ക്കിടെ എലിവിഷം ചേർത്ത ഗുളികകൾ വിതരണം ചെയ്ത സംഭവത്തിൽ പ്രതി ഫയാസ് പ്രേംജിക്കെതിരെ പൊലീസ് മസ്ഗാവ് കോടതിയിൽ 700 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. എലിവിഷമായി ഉപയോഗിക്കുന്ന 50 കിലോയിലധികം സിങ്ക് ഫോസ്ഫൈഡ് ഓർഡർ ചെയ്ത പ്രതി, പതിനയ്യായിരത്തോളം ആളുകൾക്ക് വിഷം നൽകാനാണ് പദ്ധതിയിട്ടതെന്ന് പൊലീസ് ആരോപിക്കുന്നു. മുൻപ് പിടിയിലായ പ്രതി നിലവിൽ ആർതർ റോഡ് ജയിലിലാണ് കഴിയുന്നത്.
കുറ്റകൃത്യത്തിന് രണ്ടാഴ്ച മുൻപ് തന്നെ താമസിച്ചിരുന്ന ലോഡ്ജിൽ പതിനയ്യായിരത്തിലധികം വിഷഗുളികകൾ ഫയാസ് ശേഖരിച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. സിങ്ക് ഫോസ്ഫൈഡ് ശരീരത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇയാൾ ഗൂഗിളിലും എഐ ടൂളുകളിലും തിരഞ്ഞിരുന്നതായും പൊലീസ് കണ്ടെത്തി. കേസിൽ 30-ലധികം സാക്ഷികളുടെ മൊഴികളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വേദനസംഹാരികളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഘോഷയാത്രയ്ക്കിടെ ഇയാൾ ഗുളികകൾ വിതരണം ചെയ്തത്. എന്നാൽ പ്രതിയുടെ പെരുമാറ്റത്തിൽ വനിതാ വോളന്റിയർമാർക്ക് സംശയം തോന്നിയതും, ഗുളിക കഴിച്ച ചിലർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതും കാരണം കൂടുതൽ ആളുകൾ ഇത് കഴിക്കാതെ മാറിനിൽക്കുകയും വൻ ദുരന്തം ഒഴിവാകുകയുമായിരുന്നു.
ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദമുള്ള പുണെ വിമാൻ നഗർ സ്വദേശിയായ ഫയാസ് 2019 മുതൽ 2025 വരെയുള്ള കാലയളവിൽ 19 തവണ വിദേശയാത്രകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഭാര്യ ഉപേക്ഷിച്ചുപോയതിനെ തുടർന്ന് ഇയാളുടെ മാനസികനില തെറ്റിയിരുന്നതായാണ് അയൽക്കാർ പറയുന്നത്. അറസ്റ്റിലാകുമ്പോൾ പതിനയ്യായിരത്തോളം വിഷഗുളികകൾ ഇയാളുടെ പക്കലുണ്ടായിരുന്നു.




