Oddly News

ഇതൊക്കെയെന്ത്? വനംവകുപ്പുകാര്‍ വന്നില്ല; മുതലയെ സ്വന്തമായി പിടിച്ച് വീട്ടമ്മ, കൈകളിലെടുത്ത് ഉദ്യോഗസ്ഥർക്ക് കൈമാറി

മുതലയെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതും കാത്ത് ഒരാൾക്ക് എത്രനേരം ഇരിക്കാനാകും? കാത്തിരിപ്പ് മതിയായെന്ന് തീരുമാനിച്ച മധ്യപ്രദേശിലെ ജബൽപൂരിലുള്ള ഒരു വീട്ടമ്മ സ്വന്തം നിലയ്ക്ക് മുതലയെ പിടികൂടി. കൃഷിയിടത്തിലെ കുളത്തിൽ നാലടി നീളമുള്ള മുതലയെ കണ്ടിട്ടും രക്ഷാപ്രവർത്തകർ എത്താതെ വന്നതോടെ, കെണിയൊരുക്കി മുതലയെ പിടികൂടിയ ഇവർ അതിനെ കൈകളിലെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു.

ഖമാരിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സുൻപൂർ ഘാന ഗ്രാമത്തിലാണ് കർഷകനായ ലഖ്പത് യാദവും ഭാര്യയും താമസിക്കുന്നത്. ഗ്രാമത്തിലെ കുളത്തിൽ മുതലയെ കണ്ടതോടെ നാട്ടുകാർക്കിടയിൽ വലിയ ഭീതി പടർന്നിരുന്നു.

മുതലയുടെ സാന്നിധ്യത്തെക്കുറിച്ച് യാദവ് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും സഹായത്തിനായി ആരും എത്തിയില്ല. ഇതോടെയാണ് കാര്യങ്ങൾ സ്വന്തം കൈകളിലെടുക്കാൻ യാദവും ഭാര്യയും തീരുമാനിച്ചത്.

ദമ്പതികൾ ചേർന്ന് കുളത്തിൽ വല വിരിക്കുകയും മുതലയെ പിടികൂടുകയും ചെയ്തു. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കർഷകയായ വീട്ടമ്മ മുതലയെ കൈകളിൽ കോരിയെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

വന്യജീവികളെ പിടികൂടാനുള്ള അറിയിപ്പുകളോട് വനംവകുപ്പ് പ്രതികരിക്കുന്ന രീതിയെ ഗ്രാമവാസികൾ രൂക്ഷമായി വിമർശിച്ചു. വിവരം അറിയിച്ചിട്ടും ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് ഒരു സംഘത്തെ അയക്കാൻ തയ്യാറാകാത്തതിനാലാണ് തങ്ങൾക്ക് ഈ സാഹസത്തിന് മുതിരേണ്ടിവന്നതെന്ന് ഗ്രാമവാസികൾ പറഞ്ഞു.

പരിശീലനം ലഭിക്കാത്ത ആളുകൾ വന്യമൃഗങ്ങളെ പിടികൂടാൻ ശ്രമിക്കുന്നതിലെ അപകടസാധ്യതയിലേക്കും ഈ സംഭവം വിരൽചൂണ്ടുന്നു. വിദഗ്ധ സഹായമില്ലാതെ മുതലയെ പിടികൂടുന്നത് അതീവ അപകടകരമാണെന്നും ഇത്തരം രക്ഷാപ്രവർത്തനങ്ങൾ പരിശീലനം ലഭിച്ച സംഘങ്ങൾ മാത്രമാണ് കൈകാര്യം ചെയ്യേണ്ടതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.