നമ്മുടെ വൈകുന്നേരങ്ങളിലെ പ്രധാന പലഹാരങ്ങളിലൊന്നാണ് സമൂസ. ഉരുളക്കിഴങ്ങും കാരറ്റും മസാലകളും ചേർത്ത ഫില്ലിങ്ങും മൊരിഞ്ഞ പുറംഭാഗവുമുള്ള സമൂസകളോട് താല്പര്യം കാണിക്കാത്ത ഭക്ഷണപ്രേമികൾ ചുരുക്കമാണ്. ഇന്ത്യയിലുടനീളം വ്യത്യസ്ത രൂപത്തിലും രുചിയിലും കാണപ്പെടുന്ന ഈ വിഭവം, കൊൽക്കത്തയിലെ ‘ഷിംഗാര’യായും സവാള നിറച്ച ‘പാറ്റി സമൂസ’യായുമൊക്കെ ആളുകളുടെ മനംകവരാറുണ്ട്. എന്നാൽ ഈ സമൂസ പ്രേമത്തെ വേറൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാമിലെ പ്രശസ്ത ‘കോംപറ്റീറ്റീവ് ഈറ്റർ’ ആയ സെർമാറ്റ് നിയോ. വെറുമൊരു മണിക്കൂറിനുള്ളിൽ നൂറിലധികം സമൂസകൾ കഴിച്ചുതീർത്താണ് ഇദ്ദേഹം സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചിരിക്കുന്നത്.
നൂറിലധികം സമൂസകൾ നിറഞ്ഞ വലിയൊരു തളികയുമായി രണ്ടുപേർ എത്തുന്നതോടെയാണ് ഈ വൈറൽ വിഡിയോ ആരംഭിക്കുന്നത്. ഏകദേശം 106-ഓളം സമൂസകൾ കഴിക്കാനാണ് താൻ തയാറെടുക്കുന്നതെന്ന് വ്യക്തമാക്കിയ സെർമാറ്റ്, ‘കറി ചിക്കൻ സമൂസ’ കഴിച്ചുകൊണ്ടാണ് തന്റെ വെല്ലുവിളി തുടങ്ങിയത്.
ഭക്ഷണം വേഗത്തിൽ കഴിച്ചുതീർക്കുക മാത്രമല്ല, ഓരോ സമൂസയുടെയും രുചിയെക്കുറിച്ച് കൃത്യമായ അഭിപ്രായങ്ങൾ പറയാനും അദ്ദേഹം ശ്രദ്ധിച്ചു. സാധാരണ കറി പഫ്സുകളേക്കാൾ മികച്ചതാണ് ഇവയെന്ന് പറഞ്ഞ അദ്ദേഹം, തനിക്ക് വ്യക്തിപരമായി ദക്ഷിണേന്ത്യൻ ശൈലിയിലുള്ള സമൂസകളോടാണ് കൂടുതൽ പ്രിയമെന്നും വ്യക്തമാക്കുന്നുണ്ട്.
പഴയ പരമ്പരാഗത രുചികൾക്ക് പുറമേ, കേട്ടുകേൾവിയില്ലാത്ത വ്യത്യസ്ത ഫില്ലിങ്ങുകളുള്ള സമൂസകളും ഇദ്ദേഹത്തിനായി ഒരുക്കിയിരുന്നു. വീട്ടിലുണ്ടാക്കിയ മറീനാര സോസ്, സറ്റേ സോസ്, ക്വിഷ് (quiche) സമൂസ, ബട്ടർ ചിക്കൻ സമൂസ, ഗ്രിൽഡ് ചീസ് സമൂസ എന്നിവ ഇതിൽ ചിലതാണ്. ക്യാമറയ്ക്ക് മുന്നിൽ ചീസ് നീളത്തിൽ വലിച്ചെടുത്ത് കഴിച്ച ഗ്രിൽഡ് ചീസ് സമൂസയെയാണ് വിഡിയോയുടെ അവസാനം അദ്ദേഹം ഈ ചലഞ്ചിന്റെ ‘എംവിപി’ (മോസ്റ്റ് വാല്യൂബിൾ പ്ലെയർ) ആയി പ്രഖ്യാപിച്ചത്. ഇതുകൂടാതെ ബീറ്റ്റൂട്ട് ഫെറ്റ, കീ ലൈം പൈ, ക്രീം ബ്രൂലെ തുടങ്ങിയ ഡെസേർട്ട് സമൂസകളും അദ്ദേഹം ആവേശത്തോടെ കഴിച്ചു.
ഒരു മണിക്കൂറിനുള്ളിൽ 110 സമൂസകൾ കഴിച്ചുതീർത്ത ഈ വിഡിയോ ഇതിനകം നാല് ദശലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്. രസകരമായ നിരവധിയായ കമന്റുകളാണ് വിഡിയോയ്ക്ക് താഴെ ആളുകൾ പങ്കുവെക്കുന്നത്.
‘സുഹൃത്തേ, ദയവായി എന്റെ പ്രശ്നങ്ങൾ കൂടി കഴിക്കൂ, പകരം ഞാൻ ഒരു ചിക്കൻ ബർഗർ വാങ്ങിത്തരാം’, ‘നിങ്ങൾ ഒരു മനുഷ്യനല്ല, യന്ത്രമാണ്’, ‘ഇത്രയധികം ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം എങ്ങനെ നിലനിർത്തുന്നു’, ‘അടുത്ത വെല്ലുവിളി പാനിപൂരി ആകട്ടെ’ എന്നിങ്ങനെ പോകുന്നു വിഡിയോയ്ക്ക് താഴെയുള്ള രസകരമായ കമന്റുകൾ.




