സിഡ്നിയിൽ നടന്ന ഒരു വിവാഹ സൽക്കാരത്തിനിടെ വീശിയടിച്ച ശക്തമായ ഇടിമിന്നലും കൊടുങ്കാറ്റും മഴയും കാരണം ചടങ്ങ് അപ്രതീക്ഷിത സംഭവവികാസങ്ങൾക്ക് വേദിയായി. കനത്ത മഴയിലും ആലിപ്പഴ വീഴ്ചയിലും തകരാൻ തുടങ്ങിയ വേദി രക്ഷിക്കാൻ അതിഥികൾ തന്നെ മുന്നിട്ടിറങ്ങേണ്ടി വന്നു.
ഒക്ടോബർ 3-ന് ന്യൂ സൗത്ത് വെയിൽസിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും വലിയ രീതിയിൽ ആലിപ്പഴ വീഴ്ചയും ഉണ്ടായതോടെയാണ് ഈ അപൂർവ്വ സംഭവം നടന്നത്. വിവാഹ വേദിയുടെ മേൽക്കൂരയിൽ വെള്ളവും ആലിപ്പഴവും കെട്ടിക്കിടന്ന് അമരാൻ തുടങ്ങിയതോടെ, അത് താങ്ങിനിർത്താൻ അതിഥികൾ രംഗത്തിറങ്ങുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ, കോട്ടും സൂട്ടും ധരിച്ച അതിഥികൾ തടി കസേരകൾ ഉപയോഗിച്ച് മേൽക്കൂര താങ്ങിനിർത്താൻ ശ്രമിക്കുന്നത് കാണാം. പ്ലേറ്റുകളും ഗ്ലാസുകളും വെച്ച് അതിഥികൾക്കായി അലങ്കരിച്ച ഭക്ഷണമേശകൾക്ക് തൊട്ടുമുകളിലാണ് വെള്ളത്തിന്റെ ഭാരത്താൽ മേൽക്കൂര താഴ്ന്നുവന്നത്. അപകടകരമായ ഈ സാഹചര്യത്തിലും പരിഭ്രാന്തരാകാതെ അതിഥികൾ തമാശരൂപേണയാണ് ഇതിനോട് പ്രതികരിച്ചത്.
വേദിയുടെ പുറത്ത് പുൽത്തകിടിയിലാകെ വലിയ ആലിപ്പഴങ്ങൾ ചിതറിക്കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ പ്രദേശത്ത് ശക്തമായ കാറ്റും പ്രളയസാധ്യതയുള്ള കനത്ത മഴയും ഉണ്ടാകുമെന്ന് സിഡ്നി, വോലോങ്ഗോങ്, പെൻറിത്ത്, പാരമറ്റ തുടങ്ങിയ പ്രദേശങ്ങൾക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നു.
കനത്ത കൊടുങ്കാറ്റിനെ തുടർന്ന് അടിയന്തര രക്ഷാസേനയ്ക്ക് ഒട്ടേറെ വിളികളാണ് ലഭിച്ചത്. ഒക്ടോബർ 3 വൈകുന്നേരം 5 മണിക്ക് മുമ്പ് തന്നെ നൂറിലധികം സഹായ അഭ്യർത്ഥനകൾ ലഭിച്ചതായി എൻ.എസ്.ഡബ്ല്യു സ്റ്റേറ്റ് എമർജൻസി സർവീസ് അറിയിച്ചു. ഇതിനുപുറമെ, സിഡ്നിയിൽ നിന്ന് 220 കിലോമീറ്റർ അകലെയുള്ള ഉള്ളാഡുള്ളയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വീടുകൾക്കും മരങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും കനത്ത നാശനഷ്ടം സംഭവിച്ചു.




