Oddly News

‘ഇവിടെ വല്ലാത്ത ഏകാന്തതയാണ്, അമേരിക്കയിലെ ജീവിതം മടുത്തു, ” ഇന്ത്യയിലേക്ക് മടങ്ങാൻ വെമ്പുന്ന എൻജിനീയറുടെ അനുഭവം

അമേരിക്കയിലേക്ക് കുടിയേറി 12 വർഷത്തിന് ശേഷം തന്റെ തീരുമാനത്തിൽ ഖേദിക്കുന്നതായി വെളിപ്പെടുത്തിയ 35 വയസ്സുള്ള ഇന്ത്യൻ എഞ്ചിനീയറുടെ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. ചെലവേറിയ നഗരത്തിലെ ജീവിതം “അതിരൂക്ഷമായ ഏകാന്തത” നിറഞ്ഞതാണെന്നും രാജ്യത്തെ ജീവിതനിലവാരം “വ്യാജ ആഡംബരം” മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 3,60,000 ഡോളറിലധികം (ഏകദേശം 3 കോടിയിലധികം രൂപ) സമ്പാദ്യമുണ്ടായിട്ടും ഇന്ത്യയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്ന അദ്ദേഹം ഇന്റർനെറ്റിലൂടെ ആളുകളുടെ ഉപദേശം തേടുകയായിരുന്നു.

സ്ഥിരതയുള്ള ജോലി ഉണ്ടായിരുന്നിട്ടും അമേരിക്കയിൽ താൻ ഒരു ചെറിയ വാടകവീട്ടിലാണ് കഴിയുന്നതെന്ന് ഇയാൾ പറഞ്ഞു. എന്നാൽ ഇന്ത്യയിൽ പിതാവിന് ഒരു ബിസിനസ്സ് ഉണ്ടെന്നും അതിൽ ഏതുസമയത്തും പങ്കാളിയാകാമെന്നും ഇയാൾ കൂട്ടിച്ചേർത്തു.

“12 വർഷം മുൻപാണ് ഞാൻ യുഎസിലേക്ക് മാറിയത്. എഞ്ചിനീയറിംഗിൽ സ്ഥിരമായ ജോലിയുണ്ട്. പിതാവ് ഇന്ത്യയിൽ ഒരു ചെറിയ നിർമ്മാണ കമ്പനി നടത്തുന്നുണ്ട്, അത് എനിക്ക് ഏറ്റെടുക്കാൻ സാധിക്കും (വർഷത്തിൽ 1 കോടി രൂപ ലാഭമുള്ളതിനാൽ എനിക്ക് സുഖമായി ജീവിക്കാം),” എന്ന് അദ്ദേഹം കുറിച്ചു.

“വലിയ സ്വപ്നങ്ങളുമായാണ് ഞാൻ ഇവിടെയെത്തിയത്, എന്നാൽ ഇവിടെ വല്ലാത്ത ഏകാന്തതയാണ്. അമേരിക്കയിലെ ജീവിതനിലവാരം വ്യാജ ആഡംബരമാണ് (തടി ഭിത്തിയുള്ള ഒരു ബെഡ്‌റൂം ഫ്ലാറ്റിനായി ഞാൻ മാസം 4,000 ഡോളർ വാടക നൽകുന്നു). മുംബൈയിലെ ഞങ്ങളുടെ വീട് ഇതിനേക്കാൾ വലുതും മികച്ച രീതിയിൽ നിർമ്മിച്ചതുമാണ്.”

ഇവിടെ സങ്കടത്തിലാണെങ്കിലും അമേരിക്ക വിട്ടുപോകാൻ ഇയാൾ മടിക്കുകയാണ്. ഭാവിയിൽ തന്റെ കുട്ടികൾക്ക് താൻ നേരിട്ടതുപോലെയുള്ള കഠിനമായ ഇമിഗ്രേഷൻ പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരരുത് എന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇയാൾ മടങ്ങിപ്പോകാൻ മടിക്കുന്നത്.

“എന്നെ തടഞ്ഞുനിർത്തുന്ന ഒരേയൊരു കാര്യം, എനിക്ക് കുട്ടികൾ വേണമെന്നുള്ളതും ഞാൻ അനുഭവിച്ച ഇമിഗ്രേഷൻ ബുദ്ധിമുട്ടുകളിലൂടെ അവരെ കടത്തിവിടാൻ ആഗ്രഹിക്കുന്നില്ല എന്നതുമാണ്. ഇവിടെ കൂടുതൽ കാര്യങ്ങൾക്കായി ശ്രമിക്കണമോ അതോ നാട്ടിലേക്ക് മടങ്ങി സുഖകരമായ ജീവിതം നയിക്കണമോ എന്നതിൽ ഞാൻ ശരിക്കും ആശയക്കുഴപ്പത്തിലാണ്. ആരെങ്കിലും നാട്ടിലേക്ക് മടങ്ങി കുടുംബ ബിസിനസ്സ് ഏറ്റെടുത്തിട്ടുണ്ടോ?” എന്ന് അദ്ദേഹം ചോദിച്ചു.

ഈ പോസ്റ്റ് തരംഗമായതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ഭിന്നമായ പ്രതികരണങ്ങളാണ് ഉയർന്നുവന്നത്. ചിലർ ഇയാളോട് നാട്ടിലേക്ക് മടങ്ങി പിതാവിന്റെ ബിസിനസ്സിൽ ചേരാൻ നിർദ്ദേശിച്ചപ്പോൾ, മറ്റുള്ളവർ കുറച്ചുകൂടി കാത്തിരിക്കാൻ ഉപദേശിച്ചു.

“നാട്ടിലേക്ക് മടങ്ങാൻ ഞാൻ നിർദ്ദേശിക്കുന്നു. ഇപ്പോൾ തന്നെ ഇത്രയും ആശയക്കുഴപ്പത്തിലാണെങ്കിൽ ഭാവിയിൽ കാര്യങ്ങൾ കൂടുതൽ വഷളാകും. പിന്നീട് നിങ്ങളുടെ ഭാര്യയും കുട്ടികളും മടങ്ങിവരാൻ ആഗ്രഹിച്ചേക്കില്ല, അതോടെ നിങ്ങൾ വൈകാരികമായി തളർന്നുപോകും,” എന്ന് ഒരാൾ കുറിച്ചു. “12 വർഷം നിങ്ങൾ എങ്ങനെ അവിടെ നിന്നു? 3 വർഷത്തിനുള്ളിൽ എനിക്ക് മടുപ്പ് തോന്നി, ഞാൻ മടങ്ങിയെത്തി,” എന്ന് മറ്റൊരു വ്യക്തി പ്രതികരിച്ചു.

“2045-ഓടെ പൂർണ്ണമായും മടങ്ങുക. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക, എന്നാൽ 2035-ഓടെ മടങ്ങാൻ തയ്യാറെടുക്കുക. അടുത്ത 2-3 വർഷത്തേക്ക് നിങ്ങൾ നിലവിൽ ഉള്ളിടത്ത് തന്നെ തുടരുക,” എന്ന് മൂന്നാമതൊരാൾ അഭിപ്രായപ്പെട്ടു.

എന്നാൽ, “ഇവിടെത്തന്നെ തുടരാൻ ഞാൻ പറയും, അല്ലെങ്കിൽ കുറച്ച് മാസത്തേക്ക് ഇന്ത്യ സന്ദർശിച്ച് ദീർഘകാലത്തേക്ക് മടങ്ങുന്നത് ബുദ്ധിയാണോ എന്ന് സ്വയം തീരുമാനിക്കുക. വേഗത്തിൽ എടുക്കുന്ന ഈ തീരുമാനത്തെക്കുറിച്ച് നന്നായി ആലോചിക്കുക,” എന്നാണ് വേറൊരാൾ ഉപദേശിച്ചത്.