Crime

ഗർഭിണിയായ സഹോദരിയുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ അളിയനെ വെട്ടിക്കൊന്ന് സഹോദരൻ; കുറ്റമേറ്റ് വിഡിയോ പോസ്റ്റ് ചെയ്തു

ഹൈദരാബാദ്: ഗർഭിണിയായ സഹോദരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് ജയിലിൽനിന്നിറങ്ങിയപ്പോൾ വെട്ടിക്കൊലപ്പെടുത്തിയ സഹോദരൻ അറസ്റ്റിൽ. തെലങ്കാനയിലെ നിസാമാബാദിൽ വ്യാഴാഴ്ചയാണ് വധക്കേസിലെ പ്രതിയായ ഹരിബാബു കൊല്ലപ്പെട്ടത്. 2026 മാർച്ച് 17-ന് ജഗ്തിയാൽ ജില്ലയിൽ യുട്യൂബറായ ഗന്ധം വൈഷ്ണവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ഇയാൾ.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു വൈഷ്ണവിയെ ഭർത്താവായ ഹരിബാബു വധിച്ചത്. ഈ കേസിൽ അറസ്റ്റിലായി ജയിലിലായ ഇയാൾ ജൂലൈയിൽ ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് വൈഷ്ണവിയുടെ സഹോദരനായ സന്തോഷ് പ്രതികാരം തീർക്കാനായി ഹരിബാബുവിനെ കൊലപ്പെടുത്തുകയായിരുന്നു.

പൊലീസ് നൽകുന്ന വിവരമനുസരിച്ച്, നിസാമാബാദിൽ വൈകുന്നേരം അഞ്ച് മണിയോടെ ഹരിബാബു ഒരു ഭക്ഷണശാലയ്ക്ക് സമീപം നിൽക്കുമ്പോഴാണ് കാറിലെത്തിയ സന്തോഷ് ആക്രമണം നടത്തിയത്. തേങ്ങ വെട്ടാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചുള്ള ക്രൂരമായ ആക്രമണത്തിൽ ഹരിബാബു സംഭവസ്ഥലത്തുതന്നെ മരിച്ചു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ സന്തോഷ്, സഹോദരിയുടെ വധത്തിന് പ്രതികാരം ചെയ്തതാണെന്ന് വ്യക്തമാക്കി കുറ്റം ഏറ്റെടുത്ത് സമൂഹമാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ട്രെയിനിൽ വിശാഖപട്ടണത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജൂലൈയിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഹരിബാബു നാട്ടിലേക്ക് മടങ്ങിയിരുന്നില്ല. എന്നാൽ കഴിഞ്ഞ വ്യാഴാഴ്ച ഇയാൾ അമ്മയെ കാണാൻ എത്തിയ വിവരം അറിഞ്ഞാണ് സന്തോഷ് കൊലപാതകം ആസൂത്രണം ചെയ്തത്. നടുക്കുന്ന ഈ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സഹോദരിയെ ദാരുണമായി കൊലപ്പെടുത്തിയതിലുള്ള കടുത്ത വൈരാഗ്യമാണ് പ്രതികാര കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.