Lifestyle

“എന്തിനാണ് വിവാഹം, നമുക്ക് ഒരുമിച്ച് ജീവിക്കാമെന്ന് വംശി പറഞ്ഞു”: അഭ്യൂഹങ്ങൾ തള്ളി രമ്യ കൃഷ്ണൻ

സംവിധായകൻ കൃഷ്ണ വംശിയുമായുള്ള വിവാഹബന്ധത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നടി രമ്യ കൃഷ്ണൻ. തങ്ങൾ ഇപ്പോഴും വിവാഹിതരായി തുടരുകയാണെന്നും എന്നാൽ സൗകര്യാർത്ഥം രണ്ട് വ്യത്യസ്ത നഗരങ്ങളിലാണ് താമസിക്കുന്നതെന്നും താരം വ്യക്തമാക്കി.

‘റോ ടോക്സ് വിത്ത് വികെ’ (Raw Talks with VK) എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു രമ്യ കൃഷ്ണൻ. “ഞങ്ങൾ ഇപ്പോഴും 100 ശതമാനം വിവാഹിതരാണ്. എന്നാൽ സൗകര്യാർത്ഥം, സന്തോഷത്തോടെ രണ്ട് വ്യത്യസ്ത നഗരങ്ങളിലാണ് താമസിക്കുന്നത്. ഞാൻ ഒരു ടിവി ഷോയുടെ ചിത്രീകരണം തുടങ്ങുമ്പോൾ മകൻ വളർന്നുവരുന്ന പ്രായമായിരുന്നു, അന്ന് ഞങ്ങൾ ഹൈദരാബാദിലായിരുന്നു താമസം. തെലങ്കാന പ്രക്ഷോഭം നടക്കുന്ന സമയത്ത് ഞാൻ 15 ദിവസം കൂടുമ്പോൾ ചെന്നൈയിലേക്ക് വരികയും തിരികെ പോവുകയും ചെയ്യുമായിരുന്നു. സമരങ്ങളും സ്കൂൾ അടച്ചിടലുമൊക്കെ പതിവായപ്പോൾ എനിക്കും കുഞ്ഞിനും അത് വലിയ ബുദ്ധിമുട്ടായി. ഞാൻ നഗരം വിട്ട് പോകുമ്പോഴെല്ലാം അവന് അസുഖം വരുമായിരുന്നു. അങ്ങനെയാണ് അവനെ ചെന്നൈയിലെ ഒരു സ്കൂളിൽ ചേർക്കാൻ ഞാൻ തീരുമാനിച്ചത്,” രമ്യ കൃഷ്ണൻ പറഞ്ഞു.

വിവാഹം എന്ന വ്യവസ്ഥയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും താരം പോഡ്‌കാസ്റ്റിൽ പങ്കുവച്ചു. “ഒരു ബന്ധത്തിൽ വിവാഹം എന്നത് അമിത പ്രാധാന്യം നൽകപ്പെടുന്ന ഒന്നാണെന്നാണ് എനിക്ക് തോന്നുന്നത്. ആവശ്യമുള്ളപ്പോൾ മാത്രമേ വിവാഹം കഴിക്കാവൂ. ‘എന്തിനാണ് വിവാഹം? നമുക്ക് ഒരുമിച്ച് ജീവിക്കാം’ എന്ന് വംശി എപ്പോഴും പറയുമായിരുന്നു. അന്ന് ഞാൻ അതിന് സമ്മതിക്കേണ്ടതായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. വിവാഹത്തിൽ കുടുംബങ്ങളും ചുറ്റുമുള്ള ഒരുപാട് ആളുകളും ഉൾപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ആ വ്യക്തിയുമായുള്ള ബന്ധത്തേക്കാൾ ഉപരിയായി ആ വ്യവസ്ഥയോട് നാം ഉത്തരം പറയേണ്ടിവരുന്നു. ആ വ്യക്തിയുമായുള്ള എന്റെ ബന്ധം തികച്ചും മനോഹരമാണ്, അത് എപ്പോഴും അങ്ങനെ തന്നെയായിരിക്കും എന്നാണ് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്,” താരം വ്യക്തമാക്കി.

2003-ലാണ് രമ്യ കൃഷ്ണനും കൃഷ്ണ വംശിയും വിവാഹിതരായത്. ഇവർക്ക് ഋത്വിക് വംശി എന്നൊരു മകനുണ്ട്. ചന്ദ്രലേഖ, ശ്രീ ആഞ്ജനേയം, രംഗ മാർത്താണ്ഡ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.