Health

കോട്ടുവായ എന്തുകൊണ്ട് ‘പകരുന്നു’? മറ്റുള്ളവരെ നോക്കി നമ്മളും വായ പൊളിക്കുന്നതിന് പിന്നിലെ രഹസ്യമെന്ത്?

തീർച്ചയായും ആളുകളിൽ കൗതുകവും അത്ഭുതവും ഉണർത്തുന്ന ഒന്നാണ് കോട്ടുവായയുടെ പ്രത്യേകത. തങ്ങൾക്ക് ചുറ്റുമുള്ള ആരെങ്കിലും കോട്ടുവായ വിടുന്നത് കാണുമ്പോൾ പലപ്പോഴും തങ്ങൾക്കും അറിയാതെ കോട്ടുവായ വരുന്നത് ഭൂരിഭാഗം ആളുകളും ശ്രദ്ധിച്ചിട്ടുണ്ടാകും. ചില സാഹചര്യങ്ങളിൽ, കോട്ടുവായ എന്ന വാക്ക് കേൾക്കുമ്പോഴോ അല്ലെങ്കിൽ ടിവിയിലോ മറ്റോ ആരെങ്കിലും കോട്ടുവായ വിടുന്നത് കാണുമ്പോഴോ പോലും ആളുകൾക്ക് കോട്ടുവായ വരാറുണ്ട്.

ആഴത്തിൽ ശ്വാസമെടുക്കുന്നതും ശ്വസനപേശികൾ വലിഞ്ഞു നീളുന്നതുമായ ഒരു സ്വാഭാവിക ശാരീരിക പ്രക്രിയയാണ് കോട്ടുവായ. ഇത് ശരീരത്തിന്റെ ഉന്മേഷം കൂട്ടാനും കൂടുതൽ ഉന്മേഷം തോന്നാനും സഹായിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കോട്ടുവായയുടെ ഉദ്ദേശ്യത്തെക്കുറിച്ച് ശാസ്ത്രജ്ഞർ പല സിദ്ധാന്തങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും, എന്തുകൊണ്ടാണ് കോട്ടുവായ മറ്റുള്ളവരിലേക്ക് ഇത്ര വേഗത്തിൽ പകരുന്നത് എന്ന ചോദ്യം ഇപ്പോഴും ഗവേഷകരെ ആകർഷിക്കുന്ന ഒന്നാണ്.

നമ്മുടെ തലച്ചോറിലെ ‘മിറർ ന്യൂറോണുകളുമായി’ ബന്ധപ്പെട്ടാണ് കോട്ടുവായ പകരുന്നത് എന്ന് സാൾട്ട്‌ലേക്ക് മൈൻഡ്‌സെറ്റിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ദെബഞ്ചൻ പാൻ വ്യക്തമാക്കുന്നു. മറ്റുള്ളവരുടെ പെരുമാറ്റം മനസ്സിലാക്കാനും അവ അനുകരിക്കാനും ഈ ന്യൂറോണുകളാണ് നമ്മളെ സഹായിക്കുന്നത്. മനുഷ്യർ പണ്ടുകാലം തൊട്ടേ കൂട്ടമായി ജീവിച്ചുപോന്നവരാണ്, അതുകൊണ്ടുതന്നെ ചുറ്റുമുള്ള ആളുകളുമായി പൊരുത്തപ്പെട്ടുപോകാൻ നമ്മുടെ തലച്ചോർ സ്വാഭാവികമായി തന്നെ സജ്ജമാണ്. ആരെങ്കിലും കോട്ടുവായ വിടുന്നത് കാണുമ്പോൾ, നമ്മുടെ തലച്ചോറിലെ ഇതേ ന്യൂറോൺ ശൃംഖലകൾ ഉണരുകയും അത് നമ്മെയും കൊട്ടാവായി വിടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

കോട്ടുവായ വിടുമ്പോൾ നമ്മൾ ആഴത്തിൽ ശ്വാസമെടുക്കുന്നതിനാൽ ശരീരത്തിലേക്ക് കൂടുതൽ ഓക്സിജൻ എത്തുകയും ശ്വസനവ്യവസ്ഥ ഉത്തേജിക്കപ്പെടുകയും ചെയ്യും. ഈ ആഴത്തിലുള്ള ശ്വാസമെടുക്കൽ ഹൃദയമിടിപ്പ് താൽക്കാലികമായി വർദ്ധിപ്പിക്കുകയും സുഷുമ്നാ നാഡിയിലേക്കും തലച്ചോറിലേക്കുമുള്ള രക്തചംക്രമണം കൂട്ടുകയും ചെയ്യുന്നു. ഇത് വ്യക്തിക്ക് കൂടുതൽ ശാന്തതയും ആശ്വാസവും നൽകും.കോട്ടുവായ മറ്റുള്ളവരിലേക്ക് പകരുന്നതിന് പിന്നിൽ ഈയൊരു ആശ്വാസവും കാരണമായേക്കാമെന്ന് ഡോ. പാൻ പറയുന്നു. മറ്റൊരാൾ കോട്ടുവായ വിടുന്നത് കാണുമ്പോൾ, മിറർ ന്യൂറോണുകളുമായി ബന്ധപ്പെട്ട തലച്ചോറിലെ സഹാനുഭൂതിയുടെ (empathy) ഭാഗങ്ങൾ സജീവമാകുന്നു. മനുഷ്യർ സാമൂഹിക ജീവികളായതിനാൽ ചുറ്റുമുള്ളവരുടെ പെരുമാറ്റങ്ങളും വികാരങ്ങളും നാം അറിയാതെ തന്നെ അനുകരിക്കാൻ തുടങ്ങും, ഇതാണ് കോട്ടുവായ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരാൻ കാരണം.

എന്നാൽ മനുഷ്യൻ ഒരു സാമൂഹിക ജീവിയായതുകൊണ്ടും തലച്ചോർ മറ്റുള്ളവരുടെ പെരുമാറ്റങ്ങളോട് പ്രതികരിക്കുന്നതുകൊണ്ടുമാണ് കോട്ടുവായ പകരുന്നതെങ്കിൽ, ചുമയും തുമ്മലും എന്തുകൊണ്ട് ഇതേപോലെ ഉടൻ തന്നെ പകരുന്നില്ല എന്നൊരു ചോദ്യം ഉയർന്നേക്കാം. ഡൽഹി സി.കെ ബിർള ഹോസ്പിറ്റലിലെ ഡോ. വികാസ് മിത്തൽ ഇതിന് മറുപടി നൽകുന്നുണ്ട്. കോട്ടുവായയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ചുമയും തുമ്മലുമെന്ന് അദ്ദേഹം പറയുന്നു. അന്യവസ്തുക്കളിൽ നിന്നും അണുക്കളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ചുമയും തുമ്മലും. ഇവയും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാം, പക്ഷേ അത് ഒന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമായിരിക്കും സംഭവിക്കുക, കോട്ടുവായയെപ്പോലെ പെട്ടെന്ന് ഉണ്ടാകുന്ന ഒന്നല്ല അത്. തലച്ചോറിന്റെ സ്വയമേവയുള്ള അനുകരണ ശേഷി കാരണമാണ് കോട്ടുവായ ഉടൻ തന്നെ പകരുന്നത്.

ലളിതമായി പറഞ്ഞാൽ, ആരെങ്കിലും കോട്ടുവായ വിടുമ്പോൾ നമ്മുടെ തലച്ചോർ അറിയാതെ തന്നെ അതിനെ അനുകരിക്കാൻ തുടങ്ങും. കോട്ടുവായ മാത്രമല്ല, ചിരി, സന്തോഷം, ഭയം തുടങ്ങിയ മറ്റ് വികാരങ്ങളും ചുറ്റുമുള്ളവരിലേക്ക് ഇതേ രീതിയിൽ പകരാൻ ഈ അനുകരണ ശേഷി കാരണമാകുന്നുണ്ടെന്ന് ഡോ. മിത്തൽ കൂട്ടിച്ചേർക്കുന്നു. ചുരുക്കത്തിൽ, കോട്ടുവായ പകരുന്നത് വെറുമൊരു ശാരീരിക പ്രതികരണം മാത്രമല്ല, അത് മനുഷ്യന്റെ സഹാനുഭൂതിയെയും സാമൂഹിക ബന്ധങ്ങളെയും തലച്ചോറിന്റെ സങ്കീർണ്ണമായ പ്രവർത്തനങ്ങളെയും വ്യക്തമാക്കുന്ന ഒന്നാണ്.