Healthy Food

മുട്ട നിങ്ങളുടെ കരളിനും ഹൃദയത്തിനും കുടലിനും നല്ലതാണോ? ഉത്തരം നൽകി ഉദരരോഗ വിദഗ്ദ്ധൻ

കുറഞ്ഞ ചെലവിൽ ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനും വിവിധ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നതിനാൽ മുട്ട നമ്മുടെ ഭക്ഷണക്രമത്തിലെ ഒരു പ്രധാന ഭാഗമാണ്. ഈ പോഷകങ്ങൾ ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താനും നിരവധി പ്രധാന പ്രവർത്തനങ്ങളെ സഹായിക്കാനും ഉത്തമമാണ്. എന്നാൽ മുട്ട ശരീരത്തിന്റെ എല്ലാ ഭാഗങ്ങൾക്കും നല്ലതാണോ, അവ കഴിക്കുന്നത് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ? മുട്ടയുടെ ഗുണങ്ങളെക്കുറിച്ചും അവ ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ എങ്ങനെ സഹായിക്കുന്നുവെന്നും ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേത്തി അടുത്തിടെ പങ്കുവെച്ചിരുന്നു. ഒപ്പം ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

മുട്ട തലച്ചോറിനും കണ്ണുകൾക്കും എല്ലുകൾക്കും ഹൃദയത്തിനും നല്ലതാണെന്ന് ഡോക്ടർ ഇൻസ്റ്റാഗ്രാമിലൂടെ വിശദീകരിച്ചു. മുട്ടയിലടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള പ്രോട്ടീൻ പേശികളെ ബലപ്പെടുത്തുകയും ദീർഘനേരം വിശപ്പ് തോന്നാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു, ഇത് ശരീരഭാരം കുറയ്ക്കാനും ഗുണം ചെയ്യും. പ്രമേഹമുള്ളവർക്കും ഭക്ഷണക്രമത്തിൽ മുട്ട ഉൾപ്പെടുത്താവുന്നതാണ്, എന്നാൽ ഹൃദയാരോഗ്യത്തിനായി ഇവ മിതമായ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കണം.

മുട്ട നേരിട്ട് കുടലിലെ നല്ല ബാക്ടീരിയകളെ (gut bacteria) മെച്ചപ്പെടുത്തുന്നു എന്നതിന് വ്യക്തമായ തെളിവുകളില്ലെന്നും സൗരഭ് സേത്തി കൂട്ടിച്ചേർത്തു. മുട്ടയിൽ നാരുകൾ (fibre) അടങ്ങിയിട്ടില്ലെങ്കിലും, സാധാരണയായി ഇവ മലബന്ധമോ വയറുവീർക്കലോ ഉണ്ടാക്കാറില്ല. ബ്രൗൺ മുട്ടകൾക്ക് വെള്ള മുട്ടകളേക്കാൾ ആരോഗ്യഗുണങ്ങൾ കൂടുതലില്ലെന്നും, രണ്ടിനും ഏകദേശം ഒരേ പോഷകമൂല്യമാണുള്ളതെന്നും ഡോക്ടർ വ്യക്തമാക്കി. സാൽമൊണല്ല (salmonella) എന്ന അപകടകാരിയായ ബാക്ടീരിയ അടങ്ങിയിരിക്കാൻ സാധ്യതയുള്ളതിനാൽ പച്ചമുട്ട കഴിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. പാസ്ചറൈസ് ചെയ്ത പച്ചമുട്ടകളാണ് കൂടുതൽ സുരക്ഷിതം. ആരോഗ്യമുള്ള മുതിർന്നവർക്ക് ദിവസവും ഒന്നോ രണ്ടോ മുട്ടകൾ കഴിക്കാമെന്നാണ് ഡോക്ടർ സേത്തി പറയുന്നത്.

തുടർച്ചയായി 14 ദിവസം മുട്ട കഴിക്കുന്നത് ശരീരത്തിന് നൽകുന്ന ഗുണങ്ങളെക്കുറിച്ച് ഡോ. സൗരഭ് സേത്തി നേരത്തെ വിശദീകരിച്ചിരുന്നു. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും ഓർമ്മശക്തി, ഏകാഗ്രത, വ്യക്തമായ ചിന്ത എന്നിവ മെച്ചപ്പെടുത്താനും സഹായിക്കുന്ന ‘കോളിൻ’ (choline) എന്ന പോഷകം മുട്ടയിലുണ്ട്. നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എച്ച്.ഡി.എൽ (HDL) നില മെച്ചപ്പെടുത്താനും മുട്ട സഹായിക്കുന്നു. ശരിയായ അളവിൽ കഴിച്ചാൽ ഇത് ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. മുട്ടയുടെ മഞ്ഞക്കരുവിൽ ‘ലൂട്ടിൻ’, ‘സിയാക്സാന്തിൻ’ എന്നീ രണ്ട് ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ദോഷകരമായ പ്രകാശത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും വാർദ്ധക്യകാലത്തെ നേത്രരോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. കൂടാതെ, ആരോഗ്യമുള്ള മുടി, ചർമ്മം, നഖങ്ങൾ എന്നിവയ്ക്ക് ആവശ്യമായ ‘കെരാറ്റിൻ’ (keratin) എന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്ന പോഷകങ്ങളും മുട്ട നൽകുന്നുണ്ട്.