Spotlight

‘ മണവാട്ടിയാകേണ്ടവൾ, പകരം ചിതയൊരുക്കേണ്ടി വന്നു’; കല്യാണക്കുറി നൽകാനിറങ്ങിയ പ്രതിശ്രുത വധു ലോറിയിടിച്ച് മരിച്ചു, നെഞ്ചുപൊട്ടി ഒരച്ഛൻ

ബെംഗളൂരു: ‘ഇന്ന് എന്റെ മകളുടെ ഹൽദി ചടങ്ങ് നടക്കേണ്ടതായിരുന്നു. പകരം അവളെ ചിതയിലേക്ക് അയക്കാനുള്ള ഒരുക്കത്തിലാണ് ഞാൻ. ഞായറാഴ്ചയായിരുന്നു വിവാഹ സൽക്കാരം. വീട് മുഴുവൻ കല്യാണത്തിരക്കിലായിരുന്നു… ഇപ്പോൾ എല്ലാം അവസാനിച്ചു’ – വാഹനാപകടത്തിൽ ഏകമകൾ സിന്ധുശ്രീയെ (29) നഷ്ടപ്പെട്ട നഞ്ചുണ്ടപ്പയുടെ വാക്കുകൾ കണ്ടുനിന്നവരുടെ ഹൃദയം തകർക്കുന്നതായിരുന്നു. മോർച്ചറിക്ക് മുന്നിൽ ആരുടെയും ആശ്വാസവാക്കുകൾക്കൊന്നും പിടിച്ചുനിർത്താനാവാതെ ആ അച്ഛൻ പൊട്ടിക്കരഞ്ഞു. വിവാഹ ആഘോഷങ്ങൾക്ക് തുടക്കമാകേണ്ട ദിവസം ചേതനയറ്റ് കിടക്കുന്ന മകളെ കണ്ട് അദ്ദേഹം നെഞ്ചുപൊട്ടി വിലപിക്കുകയായിരുന്നു.

സോഫ്റ്റ്‌വെയർ എൻജിനീയറായ സിന്ധുശ്രീയും ബന്ധുവും അവസാന വർഷ ഡിപ്ലോമ വിദ്യാർഥിനിയുമായ വിദ്യയും (19) സഞ്ചരിച്ച സ്കൂട്ടറിൽ ബെംഗളൂരു ദീപാംജലിനഗറിൽ വെച്ച് ലോറിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവരും തൽക്ഷണം മരിച്ചു. നഞ്ചുണ്ടപ്പയുടെ സഹോദരിയുടെ മകളാണ് മരിച്ച വിദ്യ.

വ്യാഴാഴ്ച കർണാടകയിലെ പരമ്പരാഗത ആചാരങ്ങളായ ‘അരശിന ശാസ്ത്ര’ (ഹൽദി), ‘ബളെ ശാസ്ത്ര’ (വളയിടൽ ചടങ്ങ്) എന്നിവയോടെ സിന്ധുശ്രീയുടെ വിവാഹാഘോഷങ്ങൾക്ക് തുടക്കം കുറിക്കേണ്ടതായിരുന്നു. ഞായറാഴ്ചത്തെ വിവാഹ സൽക്കാരത്തിനായി വലിയ ഒരുക്കങ്ങളാണ് വീട്ടിൽ നടന്നിരുന്നത്. ഒരാൾക്കുകൂടി കല്യാണക്കുറി നൽകാനുണ്ടെന്ന് പറഞ്ഞാണ് മകൾ വീട്ടിൽനിന്ന് ഇറങ്ങിയതെന്ന് മോർച്ചറിക്ക് മുന്നിൽ കണ്ണീരോടെ നഞ്ചുണ്ടപ്പ ഓർത്തെടുത്തു.

ബന്ധുവിന് വിവാഹക്ഷണക്കത്ത് നൽകാനായി അയൽവാസിയുടെ സ്കൂട്ടറുമായാണ് സിന്ധുശ്രീയും വിദ്യയും പോയതെന്ന് പൊലീസ് വ്യക്തമാക്കി. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ലോറിയിടിക്കുകയും, റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും ദേഹത്തുകൂടി ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് ശേഷം നിർത്താതെ പോയ ലോറി ഡ്രൈവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.