Crime

15കാരിയെ ഹോട്ടലിലെത്തിച്ച് കാമുകനുള്‍പ്പെടെയുള്ളവര്‍ക്ക് കാഴ്ചവച്ചു; ലൈംഗികചൂഷണക്കേസില്‍ സൈക്കോളജിസ്റ്റ് കുറ്റക്കാരി

15 വയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ സൈക്കോളജിസ്റ്റ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. സൗത്ത് ഫ്ലോറിഡ സ്വദേശിനിയായ മരിയ ഡുവാർട്ടെയും കാമുകൻ ജേസൺ മൊജിക്കയും കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്.

കേസിനെക്കുറിച്ച് പൊലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെയാണ്– 2024 ഓഗസ്റ്റിൽ പെൺകുട്ടി തന്റെ വളർത്തുനായയുമായി നടക്കാനിറങ്ങിയപ്പോഴാണ് മരിയ പരിചയപ്പെടാൻ എത്തിയത്. വീട്ടിലെ പ്രശ്നങ്ങൾ കാരണം മാനസിക സമ്മർദ്ദത്തിലായിരുന്ന കുട്ടിയെ സഹായിക്കാമെന്ന് മരിയ പറഞ്ഞുവിശ്വസിപ്പിച്ചു. പിന്നീട് ഒരു ദിവസം പെൺകുട്ടിയെ മിയാമിയിലെ ഒരു ഹോട്ടലിൽ എത്തിച്ച് കാമുകനുൾപ്പെടെയുള്ള പുരുഷന്മാർക്ക് കൈമാറിയെന്നാണ് കേസ്. ഇവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനും ലഹരിവസ്തുക്കൾ ഉപയോഗിക്കാനും കുട്ടിയെ നിർബന്ധിക്കുകയായിരുന്നു.

താൻ ഒറ്റയ്ക്കല്ലെന്നും സംരക്ഷിക്കാൻ ഒരാളുണ്ടെന്നും വിശ്വസിച്ച പെൺകുട്ടിയെ പ്രതി വഞ്ചിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർ ജസ്റ്റിൻ ഫങ്ക് കോടതിയിൽ വ്യക്തമാക്കി. സൈക്കോളജിസ്റ്റ് എന്ന പദവിയും അറിവും ദുരുപയോഗം ചെയ്താണ് പെൺകുട്ടിയെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചതെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. പെൺകുട്ടിയുടെ മുന്നിൽ വെച്ച് മരിയ ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെട്ടതായും പ്രോസിക്യൂഷൻ ആരോപിച്ചു.

മാനസിക പ്രയാസങ്ങൾക്ക് പരിഹാരമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കുട്ടിയെ ഹോട്ടലിൽ എത്തിച്ചത്. എന്നാൽ മരിയയ്ക്കെതിരെയുള്ള മനുഷ്യക്കടത്ത് കുറ്റം കോടതി തള്ളിക്കളഞ്ഞു. വിചാരണയിലുടനീളം താൻ നിരപരാധിയാണെന്നാണ് മരിയ വാദിച്ചത്. ശിക്ഷ വിധിക്കുന്നത് വരെ മരിയയെ ജയിലിലേക്ക് മാറ്റാൻ ജഡ്ജി എലൻ സൂ വെൻസർ നിർദ്ദേശിച്ചു. ജനുവരിയിലാണ് ശിക്ഷ പ്രഖ്യാപിക്കുക. മരിയയ്ക്ക് 15 വർഷം വരെയും കാമുകന് ഏഴ് വർഷം വരെയും തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. മരിയയുടെ ഔദ്യോഗിക ലൈസൻസ് സസ്പെൻഡ് ചെയ്തതായും ഫ്ലോറിഡയിലെ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.