സ്വന്തമായി എന്തെങ്കിലും ചെയ്തു തുടങ്ങണമെന്ന് സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല; ഒരു പുതിയ ബിസിനസോ അല്ലെങ്കിൽ തങ്ങളുടെ കഴിവിനെ വരുമാന മാർഗ്ഗമാക്കുന്നതോ ഒക്കെ ആയിരിക്കാം അത്. സംരംഭകത്വം മികച്ച വരുമാനത്തിനുള്ള വഴികൾ തുറക്കുമെങ്കിലും വലിയ റിസ്കുകളും അതിലുണ്ട്. എന്നാൽ യുഎസിലെ ഉയർന്ന ശമ്പളമുള്ള സോഫ്റ്റ്വെയർ എൻജിനീയർ ജോലി ഉപേക്ഷിച്ച് മഹാരാഷ്ട്രയിൽ കൃഷി ചെയ്യാനായി എത്തിയ സാഗർ ഖാരെയുടെ കഥ ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ്. അഞ്ച് ഏക്കർ സ്ഥലത്ത് മുരിങ്ങ കൃഷി ചെയ്താണ് അദ്ദേഹം തുടക്കമിട്ടത്. ഇന്ന് പ്രതിവർഷം 36 ലക്ഷം രൂപയോളമാണ് ഇദ്ദേഹത്തിന്റെ വരുമാനം.
ആധുനിക കൃഷി എന്നത് കേവലം കഠിനാധ്വാനം മാത്രമല്ലെന്ന് സാഗറിന്റെ കഥ തെളിയിക്കുന്നു. കൃത്യമായ അറിവും ആസൂത്രണവും അനുയോജ്യമായ വിള തിരഞ്ഞെടുപ്പും ഉണ്ടെങ്കിൽ കൃഷിയും മികച്ച ലാഭം തരുന്ന ബിസിനസാക്കി മാറ്റാം. വലിയ നഗരങ്ങളിലെ ജോലികൾക്ക് പിന്നാലെ ആളുകൾ പായുമ്പോൾ, സ്വന്തം മണ്ണിൽ നിന്ന് നിശബ്ദമായി സമ്പത്തുണ്ടാക്കുന്നവരുമുണ്ട്. വിജയം എന്നത് എപ്പോഴും എയർകണ്ടീഷൻ ചെയ്ത ഓഫീസുകളിൽ നിന്നോ വിദേശ ശമ്പളത്തിൽ നിന്നോ മാത്രം ഉണ്ടാകുന്ന ഒന്നല്ല, ചിലപ്പോഴൊക്കെ അത് നമ്മൾ കൃഷി ചെയ്യുന്ന മണ്ണിൽ നിന്നും വളർന്നുവരാം.
സോലാപൂർ ജില്ലയിലെ കുർദുകാടി എന്ന തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ സാഗർ, മാതാപിതാക്കൾ ചെയ്തിരുന്ന പരമ്പരാഗത കൃഷിരീതിക്ക് പകരം പുതിയ വഴി തിരഞ്ഞെടുക്കുകയായിരുന്നു. കോർപ്പറേറ്റ് ജോലിയേക്കാൾ താൻ ഇഷ്ടപ്പെടുന്നത് കൃഷിയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അദ്ദേഹം ഈ രംഗത്തേക്ക് ഇറങ്ങിയത്. രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതമായ ചെലവും ദോഷങ്ങളും മനസ്സിലാക്കിയ ഇദ്ദേഹം ജൈവ മുരിങ്ങ കൃഷിയിലേക്ക് തിരിഞ്ഞു. കൃഷി ആരംഭിക്കുന്നതിന് മുൻപ് മണ്ണ് ഫലഭൂയിഷ്ഠമാക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടുള്ള സോലാപൂരിലെ വേനൽക്കാലത്തെ അതിജീവിക്കാൻ കഴിയുന്ന വിളകളെക്കുറിച്ചുള്ള അന്വേഷണമാണ് അദ്ദേഹത്തെ മുരിങ്ങ കൃഷിയിൽ എത്തിച്ചത്. ഇതിനായി തമിഴ്നാട്ടിലെയും മധ്യപ്രദേശിലെയും കർഷകരെ നേരിൽ കണ്ട് പഠിക്കുകയും ചെയ്തു.
ചിലപ്പോൾ നമ്മൾ തിരയുന്ന അവസരങ്ങൾ നമുക്ക് തൊട്ടടുത്തുതന്നെയുണ്ടാകും, അത് തിരിച്ചറിയാനുള്ള മനസ്സ് കാണിക്കണമെന്നു മാത്രം.




