മംഗളൂരു: പള്ളിയിൽ പ്രാർഥനയ്ക്കെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിലായി ജാമ്യത്തിലിറങ്ങിയ പുരോഹിതനെതിരേ വീണ്ടും പോക്സോ കേസ് ചുമത്തി. വലൻഷ്യ സെയിന്റ് വിൻസന്റ് ഫെറാർ പള്ളിയിലെ മുൻ വികാരി ഫാ. സൈപ്രിയാൻ പിന്റോയ്ക്കെതിരേയാണ് മംഗളൂരു വനിതാ പോലീസ് കേസെടുത്തത്. സമാന രീതിയിൽ പീഡനത്തിനിരയായ മറ്റൊരു കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് പുതിയ നടപടി.
ഉള്ളാൾ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളിവികാരിയായിരിക്കെ ഞായറാഴ്ച കുർബാനയ്ക്കെത്തിയ 13 വയസ്സുകാരനെ സ്വന്തം മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പുതിയ കേസ്. ഒക്ടോബർ 18-ന് 14-കാരനെ പീഡിപ്പിച്ച പരാതിയിൽ പിന്റോയെ മംഗളൂരു സൗത്ത് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
തുടർന്ന് ഒക്ടോബർ 30-നാണ് മംഗളൂരു അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്. 65-കാരനായ പുരോഹിതന്റെ ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് കർശന ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.
ഇയാൾക്കെതിരെ വീണ്ടും കേസെടുത്തതോടെ കൂടുതൽ ഇരകൾ ഉണ്ടായേക്കാമെന്ന സംശയത്തിൽ ബാലാവകാശ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അതിനായി പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി.) നിയോഗിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വിഷയത്തിൽ ഊർജിതമായ അന്വേഷണം ഉറപ്പാക്കാൻ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ രവീഷ് നായിക്കിനെ ചുമതലപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മിഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു.




