Crime

‘ഇത്ര പ്രായമായിട്ടും മരിക്കാത്തതെന്ത്?; വിഷം തന്നാൽ കുടിക്കുമോ’: അമ്മയെ കൊല്ലാൻ ശ്രമിച്ച് മകൻ, ആത്മഹത്യയ്ക്ക് ശ്രമിച്ച് വയോധിക

മാനന്തവാടി ∙ മദ്യപിച്ചെത്തി വയോധികയായ അമ്മയെ ദൂരൂഹമായി മർദിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത മകനെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. തോണിച്ചാൽ പിലാക്കണ്ടിക്കുന്നേൽ ദിനേശൻ (50) ആണ് പിടിയിലായത്.

ഈ മാസം ഒന്നിന് വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. ശുചിമുറിയിൽ നിന്ന് കിടപ്പുമുറിയിലേക്ക് വരികയായിരുന്ന അമ്മ സരോജിനിയെ (80) തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയും, കട്ടിലിലേക്ക് തള്ളിയിട്ട് കൈകൾ തിരിച്ചുപിടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു.

ഇത്രയും പ്രായമായിട്ടും ചത്തുകൂടേ, നിന്നെ കാലനു വേണ്ടേ എന്ന് ആക്രോശിച്ച് കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചെന്നും, “വിഷം തന്നാൽ കുടിക്കുമോ” എന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. മകന്റെ ക്രൂരതയിൽ മനംനൊന്ത് മണ്ണെണ്ണ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സരോജിനിയെ നാട്ടുകാരാണ് ഉടൻ ആശുപത്രിയിലെത്തിച്ചത്.

മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വയോധിക നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാനന്തവാടി പൊലീസ് കേസ് എടുത്തത്. വധശ്രമം, ക്രൂരമർദനം, ക്രമസമാധാന ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. മാനന്തവാടി ഇൻസ്പെക്ടർ റഫീഖ്, എസ്ഐമാരായ കെ.കെ.സോബിൻ, അർജുൻ, സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ വലയിലാക്കിയത്.