ഡൽഹി പ്രിമിയർ ലീഗ് 2026 സീസണിലെ ആദ്യ സൂപ്പർ ഓവർ പോരാട്ടത്തിന് അരുൺ ജയ്റ്റ്ലി സ്റ്റേഡിയം വേദിയായി. ന്യൂഡൽഹി ടൈഗേഴ്സും ഔട്ടർ ഡൽഹി വാരിയേഴ്സും തമ്മിൽ ഏറ്റുമുട്ടിയ ആവേശകരമായ മത്സരം ഒടുവിൽ സൂപ്പർ ഓവറിലാണ് അവസാനിച്ചത്. അവസാന നിമിഷം വരെ പതറാതെ പോരാടിയ വാരിയേഴ്സ് തകർപ്പൻ വിജയം കൈക്കലാക്കി. മത്സരം സമനിലയിലാക്കി സൂപ്പർ ഓവറിലേക്ക് എത്തിച്ച അസാധാരണമായ റണ്ണൗട്ടിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.
മഴ കാരണം 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂഡൽഹി ടൈഗേഴ്സ് 5 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. തുടക്കത്തിൽ തകർച്ച നേരിട്ട അവർ ആറാം ഓവറിൽ മഴയെത്തുമ്പോൾ 37 റൺസിന് 2 വിക്കറ്റ് എന്ന നിലയിലായിരുന്നു. എന്നാൽ കളി പുനരാരംഭിച്ച ശേഷം ക്യാപ്റ്റൻ ഹിമ്മത് സിങ്ങും ലക്ഷയ് തരേജയും ചേർന്ന് കെട്ടിപ്പടുത്ത 101 റൺസിന്റെ കൂട്ടുകെട്ട് ടൈഗേഴ്സിന് കരുത്തായി. ഹിമ്മത് 25 പന്തിൽ അഞ്ച് സിക്സറും നാല് ഫോറുമടക്കം 61 റൺസും ലക്ഷയ് 41 പന്തിൽ 62 റൺസും നേടി ടീമിനെ മികച്ച സ്കോറിലെത്തിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഔട്ടർ ഡൽഹി വാരിയേഴ്സിന് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ടൈഗേഴ്സ് തിരിച്ചടിച്ചു. 80 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ പതറിയ വാരിയേഴ്സിനെ മോനു ശുക്ലയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് മത്സരത്തിൽ നിലനിർത്തിയത്. 17 പന്തിൽ 45 റൺസെടുത്ത മോനു 13-ാം ഓവറിൽ പുറത്തായെങ്കിലും ടീമിനെ വിജയത്തിനടുത്ത് എത്തിച്ചിരുന്നു.
അവസാന ഓവറിൽ ജയിക്കാൻ ഒൻപത് റൺസ് വേണ്ടപ്പോൾ ആദ്യ പന്ത് ഫോറടിച്ചും രണ്ടാം പന്തിൽ സിംഗിളെയുത്തും ശിവം ശർമ പ്രതീക്ഷ നൽകി. മൂന്നാം പന്ത് നോ-ബോളായതോടെ ഫ്രീ ഹിറ്റ് ലഭിച്ച വാരിയേഴ്സ് എളുപ്പത്തിൽ ജയിക്കുമെന്ന് തോന്നിച്ചു. എന്നാൽ അടുത്ത പന്തിൽ സിദ്ധാന്ത് ശർമ റണ്ണൗട്ടായതോടെ അവസാന പന്തിൽ ജയിക്കാൻ ഒരു റൺസ് വേണമെന്ന അവസ്ഥയിലെത്തി.
അവസാന പന്തിൽ പ്രഥം സലൂജ സിംഗിളിനായി ഓടിയപ്പോൾ മിഡ്-ഓഫിലുണ്ടായിരുന്ന ക്യാപ്റ്റൻ ഹിമ്മത് സിങ്ങിന് പന്ത് മിസ്ഫീൽഡായി. എന്നാൽ ഉടൻ തന്നെ കാൽ കൊണ്ട് പന്ത് തട്ടി നോൺ-സ്ട്രൈക്കർ എൻഡിലെ സ്റ്റംപിലേക്ക് തിരിച്ചുവിട്ട് ഹിമ്മത് സലൂജയെ റണ്ണൗട്ടാക്കുകയായിരുന്നു. ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സ് താരമായ ഹിമ്മതിന്റെ ഈ ‘ഫുട്ബോൾ ശൈലിയിലുള്ള’ റണ്ണൗട്ടാണ് മത്സരം സമനിലയിലാക്കിയത്.
വിചിത്രമായ ഈ റൺഔട്ടിന് ശേഷം ടൈഗേഴ്സ് താരങ്ങൾ ഗ്രൗണ്ടിൽ ആവേശത്തോടെ ആഘോഷിച്ചു. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ കണ്ട ഏറ്റവും ക്രേസിയായ ഫിനിഷിംഗുകളിലൊന്ന് എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ഇതിനെ വിശേഷിപ്പിച്ചത്.
പക്ഷേ, സൂപ്പർ ഓവറിൽ വാരിയേഴ്സ് വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഔട്ടർ ഡൽഹി വാരിയേഴ്സ് ഒരോവറിൽ 20 റൺസ് അടിച്ചുകൂട്ടിയപ്പോൾ, മറുപടി നൽകാനിറങ്ങിയ ന്യൂഡൽഹി ടൈഗേഴ്സ് മൂന്ന് പന്തിൽ വെറും ആറ് റൺസിന് ഓൾഔട്ടാക്കി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഓർമ്മയിൽ നിൽക്കുന്ന വിജയം സ്വന്തമാക്കി.




