Oddly News

മരണമുഖത്തുനിന്ന് ആകാശത്തിലേക്ക്! ക്യാൻസറിനോട് പോരാടി 74-ാം വയസ്സിൽ ചരിത്രം കുറിച്ച് വയോധികൻ, ഏറ്റവും പ്രായം കൂടിയ വിങ്സ്യൂട്ട് ഫ്ലയർ

പ്രായമൊന്നും സാഹസങ്ങളോടുള്ള കമ്പത്തിന് തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് 74-കാരനായ അമേരിക്കൻ സ്വദേശി. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം, 74 വർഷവും 136 ദിവസവും പ്രായമുള്ളപ്പോൾ വിംഗ്സ്യൂട്ട് പറക്കൽ പൂർത്തിയാക്കി റിച്ചാർഡ് “റിച്ച്” ഗ്രീൻവുഡ് ഏറ്റവും പ്രായം കൂടിയ വിംഗ്സ്യൂട്ട് പൈലറ്റ് എന്ന ലോക റെക്കോർഡ് സ്വന്തമാക്കി.

ന്യൂ മെക്സിക്കോയിലെ ആൽബുക്കർക്കിയിൽ താമസിക്കുന്ന ഗ്രീൻവുഡ് ഈ വർഷം ജൂൺ 5-നാണ് ഈ നേട്ടം കൈവരിച്ചത്. ഈ വർഷം മേയ് മാസത്തിൽ 72 വർഷവും 64 ദിവസവും പ്രായമുള്ളപ്പോൾ റെക്കോർഡിട്ട അമേരിക്കക്കാരനായ റോബർട്ട് ഫെൽറ്റിനെ മറികടന്നാണ് അദ്ദേഹം ഈ കിരീടം സ്വന്തമാക്കിയത്.

ചെറുപ്പം മുതലേ വിമാനങ്ങളിലും പാരാഷൂട്ടുകളിലും ഗ്രീൻവുഡിന് വലിയ താത്പര്യമായിരുന്നു. അഞ്ചാം വയസ്സിൽ അദ്ദേഹം ടിഷ്യൂ പേപ്പറും ടേപ്പും നൂലും ഉപയോഗിച്ച് ചെറിയ പാരാഷൂട്ടുകൾ ഉണ്ടാക്കുമായിരുന്നു. ശേഷം ഗാരേജിന്റെ മുകളിൽ കയറി അവ താഴേക്ക് പറത്തിവിടും. 18 വയസ്സ് തികഞ്ഞതോടെ അദ്ദേഹം ഒരു പ്രാദേശിക കേന്ദ്രത്തിൽ നിന്ന് സ്കൈഡൈവിംഗ് പരിശീലനം ആരംഭിച്ചു. പിന്നീട് സ്കൈഡൈവിംഗ് ലൈസൻസ് നേടുകയും വ്യോമയാന മേഖലയിലുള്ള തന്റെ താത്പര്യം വളർത്തിയെടുക്കുകയും ചെയ്തു.

വർഷങ്ങൾക്കിടയിൽ ഗ്രീൻവുഡ് കൊമേഴ്സ്യൽ പൈലറ്റ് സർട്ടിഫിക്കറ്റ്, എയർക്രാഫ്റ്റ് മെക്കാനിക് സർട്ടിഫിക്കറ്റ്, പാരാഷൂട്ട് റിഗ്ഗർ സർട്ടിഫിക്കറ്റ് എന്നിവയും കരസ്ഥമാക്കി. എയറോസ്പേസ് എഞ്ചിനീയറിംഗിൽ ബിരുദവും ഏവിയേഷൻ സേഫ്റ്റിയിൽ ബിരുദാനന്തര ബിരുദവും അദ്ദേഹം പൂർത്തിയാക്കി. 2018-ൽ വിരമിക്കുന്നതിന് മുൻപ് യു.എസ് എയർഫോഴ്സിൽ എയർക്രാഫ്റ്റ് അപകടങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1990-കളുടെ മധ്യത്തിൽ വിംഗ്സ്യൂട്ടുകൾ വിപണിയിൽ ലഭ്യമായി തുടങ്ങിയതോടെയാണ് ഗ്രീൻവുഡിന് ഇതിനോട് താത്പര്യം തോന്നിയത്. കൂടുതൽ സമയം അന്തരീക്ഷത്തിൽ തുടരാനും പറക്കുമ്പോൾ കൂടുതൽ ദൂരം സഞ്ചരിക്കാനും കഴിയുമെന്നതാണ് അദ്ദേഹത്തെ ഇതിലേക്ക് ആകർഷിച്ചത്. 1997-ൽ തന്റെ ആദ്യ വിംഗ്സ്യൂട്ട് വാങ്ങിയ അദ്ദേഹം ഏകദേശം മുപ്പത് വർഷത്തോളം ഈ സാഹസിക വിനോദം തുടർന്നു.

എന്നിരുന്നാലും, 2016-ൽ ഇരുകാലുകളിലെയും മുട്ടുകൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായതോടെ അദ്ദേഹത്തിന് സ്കൈഡൈവിംഗ് നിർത്തിവെക്കേണ്ടി വന്നു. പിന്നീട് ശരീരഭാരം കൂടുകയും കാൻസർ സ്ഥിരീകരിക്കുകയും ചെയ്തതോടെ കുറച്ചു വർഷങ്ങളോളം അദ്ദേഹം ചാട്ടങ്ങളിൽ നിന്ന് വിട്ടുനിന്നു.

എന്നാൽ സ്കൈഡൈവിംഗിലേക്ക് സുരക്ഷിതമായി തിരിച്ചെത്തുന്നതിനായി ഗ്രീൻവുഡ് ശരീരഭാരം കുറയ്ക്കാൻ തീരുമാനിച്ചു. അദ്ദേഹം 36 കിലോഗ്രാം (80 പൗണ്ട്) ഭാരം കുറയ്ക്കുകയും മായോ ക്ലിനിക്കിന്റെ സഹായത്തോടെ കാൻസറിനെ അതിജീവിക്കുകയും ചെയ്തു. തുടർന്ന് 2023-ൽ അദ്ദേഹം വീണ്ടും സ്കൈഡൈവിംഗ് പുനരാരംഭിച്ചു.

2026-ന്റെ തുടക്കത്തിൽ അക്കാലത്ത് ഏറ്റവും പ്രായം കൂടിയ വിംഗ്സ്യൂട്ട് ചാട്ടത്തിന്റെ റെക്കോർഡ് സ്വന്തമാക്കിയ തോമസ് കോണർ എന്ന 67-കാരനെക്കുറിച്ച് ‘പാരാഷൂട്ടിസ്റ്റ് മാഗസിനിൽ’ ഗ്രീൻവുഡ് ഒരു ലേഖനം വായിച്ചു. ഈ വാർത്തയാണ് റെക്കോർഡ് ശ്രമത്തെക്കുറിച്ച് ചിന്തിക്കാൻ ഗ്രീൻവുഡിന് പ്രചോദനമായത്. തുടർന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് തലക്കെട്ടിന് ആവശ്യമായ രേഖകളും തെളിവുകളും അദ്ദേഹം പരിശോധിക്കാൻ തുടങ്ങുകയും തന്റെ പരിശ്രമത്തിനായി തയ്യാറെടുക്കുകയും ചെയ്തു.

ധാരാളം പേപ്പർവർക്കുകൾ ആവശ്യമായി വന്ന മറ്റൊരു സാധാരണ ചാട്ടം മാത്രമായിരുന്നു ഇതെന്നാണ് അദ്ദേഹം ഈ അനുഭവത്തെക്കുറിച്ച് വിശേഷിപ്പിച്ചത്. കൃത്യമായ ആസൂത്രണം ആവശ്യമായ പ്രക്രിയയായിരുന്നെങ്കിലും ഇത് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.